26.8 C
Kollam
Saturday 20th June, 2026 | 11:43:24 PM
Home News Breaking News ലാലിന്‍റെ സ്വപ്നം, വിഡി സതീശന്‍റെ പാക്കിംങ്

ലാലിന്‍റെ സ്വപ്നം, വിഡി സതീശന്‍റെ പാക്കിംങ്

Advertisement

തിരുവനന്തപുരം: മികച്ച സമ്പദ്‌വ്യവസ്ഥയും ലോകോത്തര പശ്ചാത്തല സൗകര്യങ്ങളുമുള്ള സിംഗപ്പൂർ പോലെ കേരളവും വികസിതമാവുന്നൊരു സ്വപ്‌നമുണ്ട് മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്. പുതിയൊരു വികസിത കേരളത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നം അദ്ദേഹം പങ്കുവച്ചത് അടുത്തിടെയാണ്. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് കൊച്ചിയിൽ നൽകിയ പൗരസ്വീകരണമായിരുന്നു വേദി.

‘ഞാൻ നിരന്തരം യാത്ര പോകുന്ന രാജ്യമാണ് സിംഗപ്പൂർ. എനിക്കവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്. വിഡി സതീശൻ സർ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ എന്തുകൊണ്ടോ എന്റെ മനസ് ആധുനിക സിംഗപ്പൂരിന്റെ സൃഷ്ടാവായ ലീ കുവാൻ യൂവിന്റെ ജീവിതം തെളിഞ്ഞു,’ മോഹൽലാൽ പറഞ്ഞു.

ലീ കുവാൻ യൂ ആധുനിക സിംഗപ്പൂർ സൃഷ്ടിച്ചപോലെ സതീശൻ പുതിയൊരു കേരളം സൃഷ്ടിക്കണം എന്നാണ് ലാൽ അഭിപ്രായപ്പെട്ടത്. ‘ഒരാൾക്ക് മറ്റൊരാളാവാൻ സാധിക്കില്ലെന്നെനിക്കറിയാം. എപ്പോഴും ജാഗ്രതയോടെ ലോകത്തെയും ജീവിതത്തെയും വീക്ഷിക്കുന്ന; ഒരു വിദ്യാർത്ഥിയെപ്പോലെ നിരന്തരം പഠിക്കുന്ന; നമ്മുടെ മുഖ്യമന്ത്രിക്ക് ലീ കുവാൻ യൂവിനെപ്പോലെ സപ്നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളം സൃഷ്ടിക്കാനും സാധിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

ഇനി കഥയുടെ രണ്ടാം ഭാഗം കേരള നിയമസഭയിൽ. വ്യാഴാഴ്ച്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രധാന പദ്ധതികളിലൊന്ന് ‘മിഷൻ സമുദ്ര’യാണ്. സിംഗപ്പൂരിന്റെ വിജയകഥയാണ് മിഷൻ സമുദ്രയുടെ പ്രചോദനമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസി’ലൂടെയാണ്. ബജറ്റില്‍ മുഖ്യമന്ത്രിക്കേറ്റവും പ്രിയപ്പെട്ട പദ്ധതിയേതെന്ന ചോദ്യത്തിന് മിഷൻ സമുദ്രയെന്നായിരുന്നു സതീശന്റെ മറുപടി. ലാലേട്ടൻ പങ്കുവെച്ച സ്വപ്നം പക്ഷേ സതീശന്റെ മനസിൽ പണ്ടേ കുടിയേറിയതാണ്. മുൻപ് സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയിലാണ് സതീശന് ആ ആശയം തോന്നിയത്.

‘അവിടെ നിൽക്കുമ്പോൾ ഞാനാലോചിച്ചു. കേരളത്തിന് ആ രാജ്യത്തെക്കാൾ കൂടുതൽ പ്രകൃതിദത്തമായ സൗകര്യങ്ങൾ ഉണ്ടല്ലോ. ഒരു തുറമുഖ നഗരമായി വളർന്ന് നമുക്കും സിംഗപ്പൂരിനൊപ്പമോ അതിൽ കൂടുതലോ നേട്ടങ്ങൾ ഉണ്ടാക്കിക്കൂടെ?” ആ ചിന്ത എന്റെ മനസിൽ പിന്നീടെപ്പോഴുമുണ്ടായിരുന്നു. ടീം യുഡിഎഫ് ഇന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പദ്ധതികൾ ആലോചിച്ചപ്പോൾ സതീശന്റെ മനസ്സിൽ ആദ്യമെത്തിയത് ഈ സിംഗപ്പൂർ മോഡലാണ്. തന്റെ സ്വപ്നം എന്ന നിലയിൽ മാത്രമല്ല ശാസ്ത്രീയ വിശകലനത്തിനും ചർച്ചകൾക്കും ശേഷം പദ്ധതി പ്രായോഗികമെന്ന് മനസിലാക്കിയിട്ടാണ് ബജറ്റില്‍ ഉൾപ്പെടുത്തിയത്, അദ്ദേഹം പറഞ്ഞു.

മിഷൻ സമുദ്ര കേരളത്തെ ഒരു പോർട്ട് സിറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ്. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ, 17 നോൺ-മേജർ തുറമുഖങ്ങൾ, ജലപാതകൾ എന്നിവ സമന്വയിപ്പിച്ച് കേരളത്തെ ആഗോള നാവിക ഭൂപടത്തിൽ ശക്തമായ സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം. മാനുഫാക്ചറിംഗ് സോണുകളും ഗ്രീൻഫീൽഡ് നഗരങ്ങളും വികസിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ബാലരാമപുരം-വിഴിഞ്ഞം അണ്ടർഗ്രൗണ്ട് റെയിൽവേ, വിഴിഞ്ഞം-നവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവ ത്വരിതഗതിയിൽ പൂർത്തിയാക്കും. ഗ്രീൻ ബങ്കറിംഗ് സേവനങ്ങൾ, കപ്പൽ നിർമ്മാണ കേന്ദ്രം, ഡ്രൈ പോർട്ടുകൾ എന്നിവയും വിഭാവനം ചെയ്യുന്നു. പദ്ധതിക്കായി 400 കോടി രൂപയാണ് ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here