27.8 C
Kollam
Sunday 20th September, 2026 | 10:14:57 AM
Home News Breaking News ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍

ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍

ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍ എംഎല്‍എ രംഗത്ത്. ഒരു ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ ജില്ലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്. പുതിയ മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് പകരം വണ്ടാനം മെഡിക്കല്‍ കോളജ് നവീകരിക്കുന്നതിനായി താന്‍ സമര്‍പ്പിച്ച 14 പ്രൊപ്പോസലുകള്‍ക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയൊരു കോളേജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എംഎല്‍എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താല്‍പ്പര്യ പ്രകാരമാണ് സ്വന്തം മണ്ഡലത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയെന്ന പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍, തുടര്‍ന്നു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അന്ന് എല്‍ഡിഎഫ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകള്‍ക്കും മുന്‍കൈയെടുത്തത്. കരിമണല്‍ ഖനനം സ്വകാര്യ മേഖലക്ക് വിട്ടുനല്‍കാനുള്ള ബജറ്റ് നിര്‍ദേശത്തോടും ജി. സുധാകരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. മുമ്പ് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കരിമണല്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ സഹായിക്കുമെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.