കോഴിക്കോട്. മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ. ഡോക്ടറെന്ന വ്യാജേന യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും പിടിയിലായി. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദിച്ച കുരുവട്ടൂർ സ്വദേശിനിയുമാണ് അറസ്റ്റിലായത്.
ഡോക്ടർ എന്ന വ്യാജേന ആൾമാറാട്ടം നടത്തിയ കുന്നമംഗലം പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിയായ 39 കാരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. നിരന്തരം യുവതിയുടെ മൊബൈൽ വാട്സാപ്പിൽ അശ്ലീല സന്ദേശം അയക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഡോക്ടറുടെ പരാതിയിൽ ആണ് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ, ഒ. പി ചീട്ട് എന്നിവ പരിശോധിച്ച് പോലീസ് യുവതിയെ തിരിച്ചറിഞ്ഞു. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുവതി പിതാവിന്റെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഇതേ വാർഡിൽ സുഹൃത്തിന്റെ കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു. പിന്നീട് നൗഷാദ്, യുവതിയുടെ ഫോൺ നമ്പർ ശേഖരിക്കുകയും പുതിയ സിം കാർഡ് എടുത്ത് യുവതിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടറുടെ പേരിൽ വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങി സന്ദേശം അയക്കുകയും ആയിരുന്നു. 49,000 രൂപ ഇയാൾ തട്ടിയെടുത്തിട്ടുമുണ്ട്. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് മുഖത്തടിച്ച യുവതിയെയും, ഡോക്ടർ എന്ന വ്യാജേന അശ്ലീല സന്ദേശമയച്ച മുഹമ്മദ് നൗഷാദിനെയും അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റിൽ. ഡോക്ടറെന്ന വ്യാജേന യുവതിക്ക് സന്ദേശമയച്ച ആൾമാറാട്ടക്കാരനും പിടിയിലായി
ശബരിമല നട തുറന്നതോടെ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ടനിര. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനത്തിന് തുടക്കമായി. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക് ദർശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടയ്‌ക്കും.
ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്സൈറ്റ്. പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്.
നടി മീര വാസുദേവ് വിവാഹ മോചിതയായി
മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി മീര വാസുദേവ് വിവാഹ മോചിതയായി. സോഷ്യല്‍ മീഡിയയിലൂടെ മീര തന്നെയാണ് താന്‍ വിവാഹ മോചിതയായ കാര്യം അറിയിച്ചത്. ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമായിരുന്നു മീരയുടെ ഭര്‍ത്താവ്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിള്‍ ആണെന്നാണ് മീര വാസുദേവ് അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് വിപിനും മീരയും വിവാഹിതരാകുന്നത്.
”ഞാന്‍, നടി മീര വാസുദേവ്, 2025 ഓഗസ്റ്റ് മുതല്‍ സിംഗിള്‍ ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും സമാധാനപൂര്‍ണവും മനോഹരവുമായ ഘട്ടത്തിലാണ് ഞാനിപ്പോള്‍” എന്നാണ് മീര വാസുദേവിന്റെ കുറിപ്പ്. വിവാഹ മോചനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിപിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മീര പിന്‍വലിച്ചിട്ടുണ്ട്.
മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായുള്ളത്. പോയ വര്‍ഷം മെയ് മാസമായിരുന്നു വിവാഹം. ജനപ്രീയ പരമ്പരയായ കുടുംബവിളക്കിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിന്‍. പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള മീര നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. പരമ്പര വന്‍ വിജയമായി മാറിയതോടെ മീര താരമായി മാറുകയായിരുന്നു. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടത് ഈയ്യടുത്താണ് മീര ആഘോഷിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, സിനിമാതാരങ്ങളായ അജിത് കുമാര്‍, അരവിന്ദ് സ്വാമി, ഖുഷ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രിയാണ് ഇവരുടെ വീടുകള്‍ക്ക് നേരെ ഭീഷണി സന്ദേശം ലഭിച്ചത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ഓഫീസിലേക്കാണ് ഭീഷണി ഇ-മെയില്‍ ലഭിക്കുന്നത്. ഇതിനു പിന്നാലെ നാല് സ്ഥലങ്ങളിലും പൊലീസ് അടിയന്തരമായി സുരക്ഷാ പരിശോധനകള്‍ നടത്തി.
കഴിഞ്ഞയാഴ്ചയും ചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള അജിത് കുമാറിന്റെ വീടിനു നേരെ അജ്ഞാതനില്‍ നിന്നും ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
വിവാഹമോചനക്കേസിലെ ഒത്തുതീർപ്പ് തുകയായ 40 ലക്ഷം രൂപ തട്ടിയെടുത്തു: അഭിഭാഷകയും സഹായിയും അറസ്റ്റിൽ
നെടുമങ്ങാട്: വിവാഹമോചനക്കേസിലെ ഒത്തുതീർപ്പ് തുകയായ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ അഭിഭാഷകയും സഹായിയും അറസ്റ്റിൽ. അഭിഭാഷക നെടുമങ്ങാട് പത്താംകല്ല് വിഐപി സുലേഖ മൻസിലിൽ യു സുലേഖ (57), സുഹൃത്തും സഹായിയുമായ കരിപ്പൂര് കാരാന്തല പാറമുകൾ വീട്ടിൽ അരുൺദേവ് (52) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ നെടുമങ്ങാട് സി ഐ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയും സുലേഖയുടെ ഭർത്താവുമായ നസീർ (59) ഒളിവിലാണ്.
2025 ജൂലൈയിലാണ് സംഭവം. നെടുമങ്ങാട് ഐക്കരവിളാകം ബൈത്തുൽ ഹുദാ വീട്ടിൽ ഹാഷിമാണ് പരാതിക്കാരൻ. വിഹാഹ മോചനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് കുടുംബകോടതിയിൽ മധ്യസ്ഥ നടപടികൾ നടക്കെ സുലേഖയുടെ കക്ഷി ഒത്തുതീർപ്പു വ്യവസ്ഥയിൽ എതിർകക്ഷിക്കു നൽകാൻ 40 ലക്ഷം രൂപ സുലേഖയെ ഏൽപ്പിച്ചു. 2025 ജൂലൈയിൽ സുലേഖയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചുകൊടുത്തത്. ഈ തുക എതിർ കക്ഷിക്കു കൊടുക്കാതെ സുലേഖയും ഭർത്താവും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. ഇതുസംബന്ധിച്ച് ഹാഷിം അഭിഭാഷകയെയും ഭർത്താവിനെയും പ്രതിയാക്കി പൊലീസിലും ഹൈക്കോടതിയിലും പരാതി നൽകി.
ഒളിവിൽപ്പോയ പ്രതികൾക്കെതിരെ കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചിരുന്നു. തുക പത്തു ദിവസത്തിനകം മടക്കി നൽകുമെന്ന പ്രതികളുടെ സത്യവാങ്മൂലത്തിന്മേൽ അറസ്റ്റുവാറന്റ് ഇടയ്ക്ക് മരവിപ്പിച്ചു. സത്യവാങ്മൂല വ്യവസ്ഥയും ലംഘിച്ചതോടെ കോടതി നടപടി കടുപ്പിച്ചു. തുടർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്. സുലേഖയ്ക്ക് ഒളിവിൽ പാർക്കാനുള്ള സൗകര്യം തമിഴ്നാട്ടിൽ ഒരുക്കിക്കൊടുത്തതും അരുൺദേവാണ്.
ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി; 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ഉംറ തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 42 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 11 കുട്ടികളുമുണ്ടെന്നാണ് വിവരം. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. വാഹനം പൂർണമായും കത്തിയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് കമ്പനിയാണ് സ്ഥിരീകരിച്ചത്.
ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് തുടരുന്നു
വർക്കല. ട്രെയിനിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. ആക്രമിക്കപ്പെട്ട ശ്രീക്കുട്ടി പുറത്തേക്ക് തെറിച്ചുവീണ വർക്കലയ്ക്ക് സമീപമുള്ള സ്ഥലം, വർക്കല റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക. ഇന്നത്തോടെ തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റെയിൽവേ പൊലീസിന്റെ പ്രതീക്ഷ. ആക്രമണം നടന്ന കേരളാ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ വച്ച് ഇന്നലെ സംഭവത്തിന്റെ പുനരാവിഷ്കരണം റെയിൽവേ പൊലീസ് നടത്തിയിരുന്നു.
പ്രതി ട്രെയിനിൽ കയറും മുൻപ് മദ്യപിച്ച കോട്ടയത്തെ ബാറുകളിൽ ചെന്ന് ശനിയാഴ്ചയാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് പ്രതി സുരേഷ് കുമാറിനെ തിരികെ കോടതിയിൽ ഹാജരാക്കും. കേസിൽ അതിവേഗം കുറ്റപത്രം സമർപ്പിക്കാനാണ് റെയിൽവേ പൊലീസിന്റെ നീക്കം.
ഇന്ന് ബി.എൽ ഓമാർ എസ് ഐ ആർ ജോലി ബഹിഷ്കരിക്കും
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് ബി.എൽ ഓമാർ എസ് ഐ ആർ ജോലി ബഹിഷ്കരിക്കും. കണ്ണൂരിൽ ജോലിഭാരം താങ്ങാനാവാതെ
ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജ് ജീവനൊടുക്കാൻ ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ജോലി ബഹിഷ്കരിക്കുന്നത്.ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം.
ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ല വരണാധികാരി ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചും സമരസമിതി സംഘടിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്കൊപ്പം തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി കൂടി നിർവഹിക്കേണ്ടി വരുന്നത് ബി.എൽ.ഒമാരെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് ആരോപണം.
മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിച്ച് ബി.എൽ.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ആക്ഷേപമുണ്ട്
ബിഹാർ, മുഖ്യമന്ത്രി
നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും
പട്ന.ബീഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ പൂർത്തിയായതായി വിവരം. മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജി നൽകിയേക്കും.രാജിക്ക് പിന്നാലെ NDA നിയമസഭ കക്ഷിയോഗം ചേർന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കാനാണ് നീക്കം. പുതിയ മന്ത്രിസഭ സംബന്ധിച്ച ഫോർമുലയും തയ്യാറാക്കിയിട്ടുണ്ട്.ജെഡിയുവിന് 10-14 മന്ത്രിമാരും ബിജെപിക്ക് 15 മന്ത്രിമാരും പുതിയ മന്ത്രിസഭയിൽ ഉണ്ടാകും എന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച് സത്യപ്രതിജ്ഞ തീയതിയുടെ പ്രഖ്യാപനവും ഇന്നുണ്ടായേക്കും.



























