Home Blog Page 1087

ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു.

ചാലക്കുടി പാലത്തിനുസമീപം ദേശീയപാതയിലാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.മലപ്പുറത്തുനിന്ന് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കൊച്ചി ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാനും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

മൈക്കിള്‍ ജാക്സണിന്റെ ബയോപിക് ചിത്രമായ ‘മൈക്കലി’ന്റെ ട്രെയിലര്‍ പുറത്ത്

വാഷിംങ്ടണ്‍: പോപ്പ് സംഗീത രാജാവ് മൈക്കിള്‍ ജാക്‌സണിന്റെ ബയോപിക് ചിത്രമായ ‘മൈക്കലി’ന്റെ ട്രെയിലര്‍ പുറത്ത്. അന്റോയിന്‍ ഫുക്വയാണ് കിംങ് ഓഫ് പോപ്പിന്റെ ജീവിതം സിനിമയാക്കുന്നത്. മൈക്കല്‍ ജാക്‌സന്റെ അനന്തരവനായ ജാഫര്‍ ജാക്‌സനാണ് ചിത്രത്തില്‍ മൈക്കലായി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ട്രെയിലര്‍ എത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കോടിയ്ക്കടുത്ത് കാഴ്ചക്കാരാണ് ട്രെയിലര്‍ കണ്ടത്.

ഏപ്രില്‍ 24ന് മൈക്കിള്‍ പ്രദര്‍ശനത്തിനെത്തും. ജോണ്‍ ലോഗാന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ലോകം ആരാധിക്കുന്ന പോപ് രാജാവിലേക്കുള്ള മൈക്കല്‍ ജാക്‌സന്റെ വളര്‍ച്ചയാണ് ബയോപികിലുള്ളത്. ആദ്യകാല ജീവിതവും വ്യക്തിജീവിതത്തില്‍ മൈക്കിള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ചിത്രം സംസാരിക്കുന്നുവെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഏകദേശം 155 മില്യണ്‍ ഡോളര്‍ ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്.

ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു, അതിന്റെ ഫലം ലഭിച്ചു,ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നയതന്ത്ര വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ ക്ഷമയോടെ കാത്തിരുന്നു. അതിന്റെ ഫലം ലഭിച്ചു, പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപ്രധാനമായ വ്യാപാര കരാര്‍ നിരന്തരമായ ക്ഷമയുടെ ഫലമാണ്. താരിഫ് ചര്‍ച്ചകളെക്കുറിച്ചുള്ള മുന്‍ വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഒരു നല്ല ഫലത്തിലേക്ക് എത്തിച്ചേര്‍ന്നു. വ്യാപാര കരാര്‍ അനുകൂലമായ ഒരു സാമ്പത്തിക അന്തരീക്ഷം സൃഷ്ടിച്ചുവെന്നും മോദി പറഞ്ഞു.

ആഗോള വ്യാപാര ചര്‍ച്ചകളോടുള്ള സര്‍ക്കാരിന്റെ സ്ഥിരതയുള്ളതും കണിശവുമായ സമീപനത്തെ കരാര്‍ പ്രതിഫലിപ്പിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു, അതിന്റെ പാത ഇന്ത്യയിലേക്ക് കൂടുതല്‍ കൂടുതല്‍ ചായുകയാണ്. ഇന്ന് പല രാജ്യങ്ങളിലെയും വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും ഇന്ത്യ നേട്ടമുണ്ടാക്കുന്നു. മോദി പറഞ്ഞു.

വ്യാപാരക്കരാറിൽ തീരുമാനമായതിനു പിന്നാലെ ചേർന്ന എൻഡിഎ പാർലമെൻ്ററി യോഗത്തിൽ നിറഞ്ഞ കരഘോഷത്തോടെയും അഭിനന്ദനങ്ങളോടെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത്.

എല്ലാ പുരോഗതിക്കും പിന്നിലെ പ്രേരകശക്തി ആത്മവിശ്വാസമാണെന്ന് എന്‍ഡിഎ യോഗത്തിന് മുമ്പായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരുന്നു. ‘എല്ലാം സാധ്യമാകുന്ന ശക്തിയാണ് ആത്മവിശ്വാസം. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാട്ടുകാരുടെ ഈ ശക്തി തന്നെ വളരെയധികം ഉപയോഗപ്രദമാകും.’ മോദി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അച്ഛന്‍ മകളെ കൊലപ്പെടുത്തി

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അച്ഛന്‍ മകളെ കൊലപ്പെടുത്തി. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന മഹാരാഷ്ട്രയിലെ നിയമ വിലക്ക് മറികടക്കാനായിരുന്നു കൊലപാതകം. നന്ദേഡ് ജില്ലയിലെ മുത്‌ഖേഡ് മണ്ഡലത്തിലെ കെരൂരില്‍ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.

പാണ്ഡുരംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു വയസ്സുള്ള മകള്‍ പ്രാചിയെയാണ് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്താന്‍ പാണ്ഡുരംഗ് മകളെ നിസാമാബാദ് ജില്ലയിലെ എടപ്പള്ളി മണ്ഡലത്തിലേക്ക് കൊണ്ടുപോയി. മോട്ടോര്‍ സൈക്കിളില്‍ നിസാം സാഗര്‍ കനാലിനടുത്തെത്തിച്ച് കനാലിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡുരംഗിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പാണ്ഡുരംഗ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കം വിശദമായി അന്വേഷിച്ചതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാമെന്ന് വാട്സ് ആപ്പിനോട് സുപ്രിംകോടതി

ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടു പോകാമെന്ന് വാട്സ് ആപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രിംകോടതി . വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിവിവരങ്ങൾ പങ്കുവെയ്ക്കുന്നത് അനുവദിക്കാനാകില്ല. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വാട്‌സ് ആപ്പിന്റെ 2021 ലെ സ്വകാര്യത നിയമവും ആയി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കണം. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല. ഡേറ്റയില്‍നിന്ന് ഒരു അക്കം പോലും പങ്കിടാന്‍ അനുവദിക്കില്ല. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ മെറ്റ തയാറാകണം. അതിന് കഴിയില്ലെങ്കില്‍ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

വാട്‌സ് ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പോലുള്ള മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കവുമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. ഡാറ്റ ഷെയറിങ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രമില്ല,രൂക്ഷവിമര്‍ശനവുമായി കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമര്‍ശനവുമായി കോടതി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം എന്തുകൊണ്ട് സമര്‍പ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു.

കേസിലെ ഒന്നാം പ്രതി ഫര്‍സിന്‍ മജീദ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. 2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ശബരിനാഥ്, ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍, കുറ്റപത്രത്തോട് മുഖം തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2024 ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചത്. ഇതുവരെ കേന്ദ്രം അനുമതി നല്‍കിയില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയോടെയാണ് കേന്ദ്രാനുമതിവേണ്ടി വന്നത്.

 കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വിറ്റ SZ 272988 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. കായംകുളത്ത് വിറ്റ SW 143927 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ കണ്ണൂരില്‍ വിറ്റ SZ 229654 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമായിരുന്നു ഫല പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകള്‍ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, അമരീന്ദര്‍ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്ല, കിരണ്‍ കുമാര്‍ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശന്‍ തുടങ്ങിയ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുന്‍ കരസേന മേധാവി എം എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം ഇന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ചു. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് രാഹുല്‍ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാന്‍ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തില്‍ ഇറങ്ങി പേപ്പര്‍ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തുടരും.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ മുരളിക്ക് എത്തിക്‌സ് കമ്മിറ്റി നിർദേശം നൽകി. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഇന്നലെ ഉന്നയിച്ചു.

രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്‌നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല.

ധനുഷും താരസുന്ദരി മൃണാള്‍ താക്കൂറും തമ്മിലുള്ള വിവാഹ ഗോസിപ്പുകള്‍ക്കിടെ പ്രണയത്തെക്കുറിച്ച് വാചാലയായി നടി

പ്രണയദിനത്തില്‍ തമിഴ് സൂപ്പര്‍ താരം ധനുഷും താരസുന്ദരി മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്നാണ് ഉയരുന്ന ഗോസിപ്പുകള്‍. ഇതിനിടെ പ്രണയത്തെ കുറിച്ച് വാചാലയായി മൃണാള്‍ താക്കൂര്‍ സംസാരിക്കുന്ന അഭിമുഖം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഫില്‍മിഗ്യാന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പ്രണയം അതിമനോഹരമായ വികാരമാണെന്നും പ്രപഞ്ചത്തിലെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് സംഭവിക്കാമെന്നും മൃണാള്‍ പറയുന്നു. ‘കുറേക്കൂടി നല്ല മനുഷ്യരായി മാറാന്‍ പ്രണയം സഹായിക്കും. സത്യം പറഞ്ഞാല്‍ നമ്മുടെയെല്ലാം ഉള്ളില്‍ ബാല്യകാലത്തേറ്റ നൊമ്പരങ്ങളെപ്പോലും അത് മായ്ച്ചുകളയും. ലോകത്തേറ്റവും മനോഹരമായത് പ്രണയമാണ്. എല്ലാവര്‍ക്കും പ്രണയം കണ്ടെത്താനും അനുഭവിക്കാനും കഴിയട്ടെ’യെന്നാണ് തന്റെ പ്രാര്‍ഥനയെന്നും അവര്‍ വ്യക്തമാക്കി.
പ്രണയത്തില്‍ ആരാണ് ഏറ്റവുമധികം അലിഞ്ഞുപോകുന്നതെന്ന ചോദ്യത്തിന് പ്രണയത്തിലായിരിക്കുമ്പോള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യര്‍ സ്‌നേഹിക്കുകയാണെന്നായിരുന്നു താരത്തിന്റെ മറുപടി. സ്‌നേഹത്തെ സ്വീകരിക്കുകയെന്നതും പ്രധാനമാണ്. സ്‌നേഹം ലഭിക്കുകയെന്നതും അതിനെ അംഗീകരിക്കുകയെന്നുള്ളതും തീര്‍ത്തും പ്രയാസമേറിയ കാര്യമാണെന്നും പ്രണയത്തിന്റെ നിര്‍വചനം അനുദിനം മാറിക്കൊണ്ടേയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രണയത്തിന് നിങ്ങളെ തന്നെ സമര്‍പ്പിക്കുക എന്നതിലാണ് കാര്യം. പ്രണയം മാത്രം മാറ്റമില്ലാതെ തുടരുമെന്നും മൃണാള്‍ വിശദീകരിക്കുന്നു. അതേസമയം, വിവാഹം ഉടനുണ്ടാവില്ലെന്ന് സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രജിനികാന്തിന്റെ മകള്‍ ഐശ്വര്യയുമായി 18 വര്‍ഷം നീണ്ട വിവാഹബന്ധം 2022ല്‍ ധനുഷ് അവസാനിപ്പിച്ചിരുന്നു