Home Blog Page 1086

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ വിവാദ പുസ്തകത്തിന്റെ പ്രകാശനം ഇന്ന്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെ ആരോപിച്ച വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് പയ്യന്നൂരില്‍ നടക്കുന്നത്. വൈകിട്ട് നാലുമണിക്ക് ഗാന്ധി പാര്‍ക്കിലാണ് ചടങ്ങ്.

സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വി കുഞ്ഞികൃഷ്ണനെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുസ്തക പ്രകാശന ചടങ്ങിന് വലിയ സുരക്ഷ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിട്ടുണ്ട്. സുരക്ഷ നല്‍കണം എന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്.

പുസ്തകവിവാദത്തിന് പിന്നാലെ പയ്യന്നൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ വീടിന് സമീപം സിപിഎം പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചു ആഹ്ളാദ പ്രകടനം നടത്തുകയും വലിയ തോതില്‍ ഭീഷണികള്‍ ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുഞ്ഞികൃഷ്ണന്‍ സുരക്ഷ തേടി കോടതിയെ സമീപിച്ചത്.

വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എം എന്‍ വിജയന്റെ മകന്‍ ഡോ. വി എസ് അനില്‍കുമാറിന് കോപ്പി നല്‍കി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.

ജയസാധ്യത, സ്ഥാനാര്‍ഥികള്‍ക്കായി നാലാംവട്ട സര്‍വേയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം മൂന്ന് റൗണ്ട് സര്‍വേകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവസാന റൗണ്ട് സര്‍വേ ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍വേ ഫലം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങളുടെ പള്‍സ് അറിയുന്നതിനായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആദ്യ റൗണ്ട് സര്‍വേ നടത്തി. രണ്ടാമതും മൂന്നാമതും കനുഗൊലു തന്നെ ഏര്‍പ്പാടാക്കിയ ഏജന്‍സികളാണ് സര്‍വേ നടത്തിയത്

തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ കലഹം ഇല്ലാതാക്കുന്നതിനുമാണ് നേതൃത്വം ഇത്തവണ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ ആശ്രയിക്കുന്നതെന്നാണ് സൂചന. വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നോക്കി തെരഞ്ഞെടുക്കുന്നതിനും പൊതുജനാഭിപ്രായം കണക്കാക്കുന്നതിനുമായി ഈ ഏജന്‍സികളില്‍ നിന്ന് വിശദമായ ഫീഡ്ബാക്ക് എടുക്കുന്നുണ്ട്.

ഒന്നിലധികം സര്‍വേകള്‍ പരിശോധിക്കുന്നതിലൂടെ പൊതുജന സ്വീകാര്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം. മധുസൂദനന്‍ മിസ്ത്രി നയിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി ജനുവരിയില്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിക്കൊപ്പം, പൂര്‍ത്തിയായ മൂന്ന് സര്‍വേകളിലും മുന്നിലെത്തിയ നേതാക്കളുമായി അഭിമുഖം നടത്തി. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രമുഖ നേതാക്കന്‍മാരില്‍ നിന്നും ഓരോ മണ്ഡലത്തിലേയും സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും സര്‍വേയിലൂടെ ശേഖരിച്ചു.

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു

തൃശൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ വച്ച് ഇടഞ്ഞ ആന പ്രദേശത്ത് പരഭ്രാന്തി സൃഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് സംഭവം. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞോടിയ ആന പ്രദേശത്ത് നാശ നഷ്ടങ്ങളുണ്ടാക്കി. വീടുകളുടെ ഗേറ്റ് തകര്‍ത്തു. നിരവധി തെങ്ങുകള്‍ ഉള്‍പ്പെടെ മറിച്ചിടുകയും ചെയ്തു. ആനയെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

ഓട്ടോ സ്റ്റാന്‍ഡുകളില്‍ കിടക്കുന്ന ഓട്ടോറിക്ഷകള്‍ സവാരി നിഷേധിക്കുന്നതായി പരാതി

ശാസ്താംകോട്ട. ഓട്ടോ സ്റ്റാന്‍ഡുകളില്‍ കിടക്കുന്ന ഓട്ടോറിക്ഷകള്‍ നിയമവിരുദ്ധമായി സവാരി നിഷേധിക്കുന്നതായി പരാതി. സ്റ്റാന്‍ഡില്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ഓട്ടം വിളിക്കുന്ന ഡ്രൈവര്‍മാര്‍ പല കാരണങ്ങള്‍ പരഞ്ഞ് ഓട്ടം നിഷേധിക്കുന്നതായാണ് പരാതി. പലര്‍ക്കും വ്യാപാരാവശ്യങ്ങള്‍ക്കുള്ള ഓട്ടമുണ്ടെന്നകാരണത്താലും ചെറിയഓട്ടമാണെന്ന കാരണത്താലും ഓട്ടം നിഷേധിക്കുന്നതായാണ് പരാതി.

ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ ബോധവ്ല‍ക്കരിക്കുന്നതിന് അധികൃതര്‍ ശ്രമിക്കാത്തതാണ് ഇത്തരം സവാരി നിഷേധത്തിനിടയാക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. മിക്കവരും ട്രേഡ് യൂണിയനുകളുടെ ബലത്തിലാണ് പൊതു ജനത്തിന് ഉപദ്രവകരമായി പെരുമാറുന്നത്. പലപ്പോഴും രാത്രികാലത്ത് പോലും ഓട്ടം നിഷേധിക്കുന്നത് പതിവാണ്.

മാതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആഞ്ഞിലിമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാര്‍ സവാരിവിളിച്ചത് നിഷേധിച്ചതായി ആരോപിച്ച് സ്ഥലവാസി ഷാജി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന വിധം തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതി നല്‍കിയിട്ടും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

കൊട്ടിയത്ത് എംഡിഎംഎ കടത്തിയ യുവാവ് പോലീസ് പിടിയില്‍

കൊട്ടിയം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ എംഡിഎംഎ കടത്തിയ യുവാവ് പോലീസ് പിടിയില്‍. ഇന്നലെ ബാംഗ്ലൂരില്‍ നിന്നും ഇന്റര്‍ സിറ്റി ബസ്സില്‍ കൊട്ടിയം ജംഗ്ഷനില്‍ ഇറങ്ങിയ മുഖത്തല, പാങ്കോണം മരുതമണ്‍ വീട്ടില്‍ അനന്തു കൃഷ്ണന്‍ (25) ആണ് 12 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കൊട്ടിയം പോലീസും സിറ്റിഡാന്‍സ് ടീമും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബംഗളൂരുവില്‍ യൂബര്‍ ടാക്‌സി ഡ്രൈവറായ ഇയാള്‍ ആഴ്ചയില്‍ ഒരു ദിവസം എംഡിഎംഎയുമായി എത്തുന്നുണ്ടെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീം സബ് ഇന്‍സ്‌പെക്ടര്‍മാരായ സായി സേനന്‍, രഞ്ജു തുടങ്ങിയവരും കൊട്ടിയം പോലീസും ചേര്‍ന്ന് കൊട്ടിയത്ത് ബസില്‍ വന്നിറങ്ങിയ ഇയാളെ പിടികൂടി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ഇവര്‍ രണ്ടു പേരായിരുന്നു മയക്കുമരുന്ന് കൊണ്ടുവരുന്നതിനായി ബംഗളുരുവിലേക്ക് പോയിരുന്നത്. ഇവരില്‍ ഒരാള്‍ നേരത്തേ തിരികെയെത്തിയതായാണ് വിവരം ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബംഗളുരുവില്‍ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ ഇവിടെ മൊത്ത വിതരണക്കാര്‍ക്കാണ് നല്‍കാറുള്ളത്. ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി മൊത്ത വില്‍പ്പന നടത്തുന്നവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വനിതാ ശാക്തീകരണത്തിനായി എന്‍എസ്എസ് ഇ യാത്ര പദ്ധതി

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വനിതാ ശാക്തീകരണത്തിനായി ഇ യാത്ര പദ്ധതി. വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി രണ്ടര ലക്ഷം രൂപ ലോൺ തുകനൽകിയതിൽ ഒരുലക്ഷം രൂപ സബ്സിഡിയായി ലഭിക്കും.

ഈ പദ്ധതിയുടെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ട 4253- കോതപുരം Nss കരയോഗത്തിൽ അംഗമായ രജനിയ്ക്ക് ഇ ഓട്ടോറിക്ഷയുടെ താക്കോൽ യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു അവർകൾ കൈമാറി.ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,കരയോഗം പ്രസിഡന്റ്‌ ജയപ്രസാദ്, ഓഫീസ് സ്റ്റാഫ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വർണ്ണബാഗ് മോഷണം: പ്രതി ആർ.പി.എഫ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു യാത്രക്കാരിയുടെ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗവും സർക്കാർ റെയിൽവേ പോലീസും സംയുക്തമായി പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഭൂതപ്പാണ്ടി സ്വദേശിയായ ശ്യാം ക്രിസ്പിൻ (42) ആണ് ഇന്ന് രാവിലെ തമ്പാനൂരിൽ പിടിയിലായത്.

കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് മോഷണം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി തമ്പാനൂർ, കിഴക്കേകോട്ട, കരമന, അരിസ്റ്റോ മേഖലകളിലെ ഇരുനൂറിലധികം നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത് നെടുമങ്ങാട് വാണ്ട പ്രദേശത്തെ ഒരു അരിമില്ലിന് സമീപമുള്ള പലകപ്പെട്ടിയിലാണ് മോഷണമുതൽ ഒളിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നഷ്ടപ്പെട്ട മുഴുവൻ സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. ജോലി ഒന്നും ചെയ്യാത്ത ഇയാൾ മദ്യപാനത്തിനും മറ്റ് ചെലവുകൾക്കുമായി മോഷണം നടത്തിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. പരിശോധനയിൽ പ്രതിക്കെതിരെ മറ്റ് കേസുകൾ ഇല്ലെന്നും വ്യക്തമായി.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി വിവാഹിതനാണെങ്കിലും കുടുംബവുമായി ബന്ധമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
റെയിൽവേ സംരക്ഷണ സേന തിരുവനന്തപുരം ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ്യുടെ പ്രത്യേക നിർദ്ദേശപ്രകാരം, ആർ.പി.എഫ് ഇൻസ്പെക്ടർ ബി.എൽ. ബിനുകുമാർ, കുറ്റാന്വേഷണ ഇൻസ്പെക്ടർ ജിപിൻ എ.ജെ., സർക്കാർ റെയിൽവേ പോലീസ് ഇൻസ്പെക്ടർ സജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ആർ.പി.എഫ്, സർക്കാർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത സംഘമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. റെയിൽവേ യാത്രക്കിടെ യാത്രക്കാരുടെ അശ്രദ്ധ മൂലമാണ് ഇത്തരം മോഷണങ്ങൾ നടക്കുന്നതെന്ന് ജിപിൻ എ.ജെ പറഞ്ഞു. യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ പ്രതിയെ തുടർ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിളപ്പിൽശാല ചികിത്സാ നിഷേധ ആരോപണം; ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടിൽ വ്യക്തം.ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം.

ബിസ്‌മീറിൻ്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രാഥമിക ചികിത്സ നൽകാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും നൽകിയില്ലെന്ന പരാതിയിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കുടുംബം. ബിസ്‌മീറിന് ഓക്സിജൻ നൽകുകയോ സി പി ആർ , പൾസ് പരിശോധന തുടങ്ങിയ ഒന്നും തന്നെ ചെയ്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.ആശുപത്രിയുടെ ഗ്രിൽ തുറക്കാൻ വൈകി. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ സി പി ആർ നൽകിയില്ലേ എന്ന് ഡോക്ടർമാർ ചോദിച്ചതായും പരാതിയിൽ പറയുന്നു. കുറ്റക്കാരായ ജീവനക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെ വിവിധ സംഘടനകളുടെ പ്രതിഷേധവും ശക്തമായിരുന്നു.

ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് എം.വി. ഗോവിന്ദൻ

കണ്ണൂർ : ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫിസ് തുടങ്ങിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റെയിൽവേ മന്ത്രി ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തതിനാൽ ശ്രീധരന്റെ പരിപാടിക്ക് കേന്ദ്രം അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഇറങ്ങും മുൻപ് ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടി പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ല. ധൻരാജ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയതാണ്.

അദ്ദേഹത്തിന് വിമർശനാത്മകമായി മറുപടി നൽകും. കുഞ്ഞിക്കൃഷ്ണന്റെ കണക്ക് നോക്കേണ്ട കാര്യമില്ല. സിപിഎമ്മിന് കണക്കുണ്ട്. എല്ലാ കണക്കും പാർട്ടിയിൽ അവതരിപ്പിച്ചതാണ്. അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കും. പുസ്തകത്തിൽ തോന്ന്യാസം എഴുതിവച്ചാൽ കേസ് കൊടുക്കേണ്ടി വരുമെന്നും ഗോവിന്ദൻ പറഞ്ഞു.

കെ. കരുണാകരനു പോലും കാണാൻ അനുവാദം കൊടുക്കാത്ത സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവർക്ക് അനുവാദം ലഭിച്ചു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, ആന്റോ ആന്റണി ഉൾപ്പെടെയുള്ളവരാണ് ഇവർക്കൊപ്പം സോണിയാ ഗാന്ധിയെ കണ്ടത്. എന്തിനാണ് സോണിയാ ഗാന്ധിയെ കണ്ടതെന്നും ആരാണ് സൗകര്യം ചെയ്തുകൊടുത്തതെന്നും വ്യക്തമാക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. തന്ത്രി പിടിക്കപ്പെട്ടതോടെ ബിജെപി, കോൺഗ്രസ് എന്നിവരുടെ നേരെയാണ് അന്വേഷണം നീങ്ങുന്നത്. എസ്ഐടി അന്വേഷണത്തെക്കുറിച്ച് ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ തകര്‍ത്ത് കേരളം സെമിയില്‍

അസം: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കേരളം സെമിയില്‍. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നാട്ടുകാരുടെ ആരവങ്ങള്‍ക്കു മധ്യേ കളിക്കാനിറങ്ങിയ അസമിന്റെ വലയില്‍ ഇരുപകുതികളിലുമായി കേരളം ഗോളുകള്‍ അടിച്ചു കയറ്റിയാണ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ പൂര്‍ണാധിപത്യവും കേരളം പുലര്‍ത്തി. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം 17-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് കൃത്യമായി വലയിലെത്തിച്ച് ക്യാപ്റ്റന്‍ എം. മനോജാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ (45′) മുഹമ്മദ് അജ്‌സലിലൂടെ കേരളം രണ്ടാം ഗോളും കണ്ടെത്തി. മനോഹരമായ ഒരു ടീം ഗെയിമിനൊടുവിലായിരുന്നു ഈ ഗോള്‍.

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധക്കോട്ടയും ഗോള്‍കീപ്പര്‍ ഹജ്മലും ഉറച്ചുനിന്നു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ (92′) സജീഷിന്റെ പാസില്‍ നിന്നും അബൂബക്കര്‍ ദില്‍ഷാദ് കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി പട്ടിക തികച്ചു.

തമിഴ്‌നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (41) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് പഞ്ചാബുമായുള്ള സെമി പോരാട്ടം നിര്‍ണായകമാകും. മറ്റൊരു ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തോല്‍പ്പിച്ച റെയില്‍വേസും സെമിയില്‍ കടന്നിട്ടുണ്ട്.