കാർ കൊക്കയിലേക്ക് മറിഞ്ഞ് നടി മരിച്ചു

മുംബൈ: ടെലിവിഷൻ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. ഹിമാചൽപ്രദേശിൽ വച്ചുണ്ടായ കാർ അപകടത്തിലാണ് നടി വൈഭവി ഉപാധ്യായയ്ക്ക് ജീവൻ നഷ്‍ടമായത്. കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. പ്രതിശ്രുത വരനും താരത്തിന് ഒപ്പം കാറിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയിലൂടെയാണ് വൈഭവി ഉപാധ്യായ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിരുന്നത്. നിർമാതാവും നടനുമായ ജെഡി മജീതിയയാണ് താരത്തിന്റെ മരണവാർത്ത സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. അവിശ്വസനീയവും സങ്കടകരവും ഞെട്ടിക്കുന്നതും ആണെന്നും ജെഡി സാമൂഹ്യ മാധ്യമത്തിൽ എഴുതി. ജീവിതം എന്നത് വളരെ അപ്രവചനീയമാണെന്നും ഷോയുടെ നിർമാതാവ് പ്രതികരിച്ചു.

‘സാരാഭായ് വെഴ്‍സസ് സാരാഭാ’യിൽ അഭിനയിച്ച താരം രുപാലി ഗാംഗുലിയും വൈഭവി ഉപാധ്യായയുടെ അകാല വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തി. ഇത് ശരിയല്ല, വളരെ നേരത്തേ പോയി എന്നായിരുന്നു രുപാലി ഗാംഗുലി വൈഭവി ഉപാധ്യായയെ ഓർത്ത് എഴുതിയത്. വിശ്വസിക്കാനാകുന്നില്ല എന്നും രുപാലി എഴുതി. ഹിമാചലിൽ നിന്ന് കൊണ്ടുവരുന്ന വൈഭവിയുടെ മൃതദേഹം മുംബൈയിൽ പൊതുദർശനത്തിന് ശേഷം സംസ്‍ക്കരിക്കും എന്നാണ് റിപ്പോർട്ടുകൾ

‘സാരാഭായ് വെഴ്‍സസ് സാരാഭായി’ എന്ന ഷോയിൽ ‘ജാസ്‍മിനാ’യിട്ടായിരുന്നു നടി വൈഭവി ഉപാധ്യായ വേഷമിട്ടതും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതും. ‘സിഐഡി’, ‘അദാലത്ത്’ എന്നീ ടിവി ഷോകളിലും വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്. ‘പ്ലീസ് ഫൈൻഡ് അറ്റാച്ച്‍ഡ്’ എന്ന സീരീസിലും വൈഭവി ഉപാധ്യായ വേഷമിട്ടിരുന്നു. ദീപിക പദുക്കോണിന്റെ ‘ഛപക്’ എന്ന ചിത്രത്തിലും ഇരുപത്തേയേഴുകാരിയായ വൈഭവി ഉപാധ്യായ വേഷമിട്ടിട്ടുണ്ട്.

Advertisement