നമിതയുടെ കഫേ ഷോപ്പ്, ഉദ്ഘാടകരായി താരസുന്ദരികൾ

Advertisement

പനമ്പള്ളി നഗറിൽ പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്. സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് തിരി തെളിക്കാൻ മീനാക്ഷി ദിലീപ് അടക്കം നമിതയുടെ അടുത്ത സുഹൃത്തുക്കൾ എത്തിയിരുന്നു. അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തി. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്.

സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ഘാടനവേളയിൽ നമിത പറയുകയുണ്ടായി.

വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാർ മലയാളത്തിൽ സജീവമാണ്. എന്നാൽ അതിൽ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്.

ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം സോണി ലിവിൽ ഡയറക്ട് ഒടിടി റിലീസായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി എത്തിയിരുന്നു. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.

Advertisement