റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി വാളകം കുന്നേക്കാല്‍ വടക്കേപുഷ്പകം രഘുവിന്‍റെ മകള്‍ നമിത(19)യാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കോളജ് വിട്ടസമയം തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിര്‍മല കോളേജ് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവം നടക്കുമ്പോള്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അപകടമുണ്ടാക്കിയ ആളെ സംഘര്‍ഷത്തെത്തുടര്‍ന്ന് വേറേ ആശുപത്രിയിലേക്കുമാറ്റാന്‍ നീക്കമുണ്ടായെങ്കിലും വിദ്യാര്‍ഥികള്‍ തടഞ്ഞു. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ട്.

Advertisement