ട്രൈഡന്റ് 660ന്റെ വില വർധിപ്പിച്ച്‌ ട്രയംഫ്

ന്യൂഡൽഹി: ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ട്രൈഡന്റ് 660ന്റെ വില വർധിപ്പിച്ചു.

മോട്ടോർസൈക്കിളിന്റെ വില 50,000 രൂപയോളമാണ് കൂട്ടിയത്. ഇതോടെ ട്രൈഡന്റ് 660-ന്റെ പ്രാരംഭ വില 6.95 ലക്ഷം രൂപയിൽ നിന്ന് 7.45 ലക്ഷം രൂപയായി ഉയരുമെന്നാണ് റിപ്പോർട്ട്. പുതുക്കിയ വില 2022 ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നതായാണ് വിവരം.

ട്രയംഫ് ട്രൈഡന്റ് 660 2021 ജൂണിലാണ് കമ്പനി പുറത്തിറക്കിയത്. ബൈക്ക് നിർമ്മാതാക്കളുടെ പോർട്ട്ഫോളിയോയിലെ ഏറ്റവും താങ്ങാനാവുന്ന നേക്കഡ് മോട്ടോർസൈക്കിളാണിത്. വില വർദ്ധനയെത്തുടർന്ന്, ട്രൈഡന്റ് 660-ന് കാവസാക്കി സെഡ്650നേക്കാൾ (6.24 ലക്ഷം രൂപ) കൂടുതൽ പണം ചെലവാകും. എന്നാൽ അതിന്റെ മറ്റ് എതിരാളിയായ ഹോണ്ട സിബി650ആർനെ അപേക്ഷിച്ച്‌ 8.68 ലക്ഷം രൂപ വിലയുള്ളതിനേക്കാൾ വളരെ കുറവാണ്.

ട്രയംഫിന്റെ ട്രിപ്പിൾ സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്ന റോഡ്സ്റ്റർ ബൈക്കുകളിലെ പുതിയ എൻട്രി ലെവൽ മോഡലാണ് ട്രൈഡന്റ് 660. 660 സിസി, ഇൻലൈൻ 3 സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ട്രയംഫ് ട്രൈഡന്റ് 660 മോട്ടോർസൈക്കിളിന്റെ ഹൃദയം. ഈ എഞ്ചിൻ 10,250 ആർപിഎമ്മിൽ 80 ബിഎച്ച്‌പി കരുത്തും 6,250 ആർപിഎമ്മിൽ 64 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. എഞ്ചിനുമായി 6 സ്പീഡ് ഗിയർബോക്സ് ഘടിപ്പിച്ചു. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്‌ നൽകി. യുകെ ഹിങ്ക്ലിയിലെ ട്രയംഫ് ആസ്ഥാനത്തെ പ്രത്യേക സംഘമാണ് പുതിയ ട്രൈഡന്റ് 660 മോട്ടോർസൈക്കിൾ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്. പുതിയ ട്രയംഫ് ടൈഗർ 900 മോട്ടോർസൈക്കിളിന് പിന്നിൽ പ്രവർത്തിച്ച ഡിസൈനറായ റോഡോൾഫോ ഫ്രാസ്‌കോളി വേണ്ട സ്റ്റൈലിംഗ് നിർദേശങ്ങൾ നൽകി.

Advertisement