ന്യൂഡൽഹി∙ 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ മാസം 15 മുതൽ 75 ദിവസം കോവിഡ് വാക്സീന്റെ സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.

ബൂസ്റ്റർ ഡോസിന് പണം നൽകേണ്ടി വന്നതോടെ പലരും ഇതിനോട് വിമുഖ കാട്ടാൻ തുടങ്ങിയിരുന്നു. പണം നൽകി ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ് മിക്കവരും. സർക്കാർ സൗജന്യം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ കനത്ത തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

രാജ്യത്ത് കോവിഡ് വീണ്ടും പടർന്ന് പിടിക്കുന്നത് ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിൽ സർക്കാരിന്റെ പ്രഖ്യാപനത്തെ എല്ലാവരും പ്രതീക്ഷയോടെയാണ് കാണുന്നത്. കോവിഡ് കേസുകൾ കുറയ്ക്കാൻ പുതിയ നീക്കം സഹായകമാകുമെന്ന് ആരോ​ഗ്യരം​ഗത്തുള്ളവരും വിലയിരുത്തുന്നു.