ഗുജറാത്ത്: ലോകത്ത് തന്നെ അപൂർവമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശി ഹൃദ്രോഗിയായ 65 കാരനിലാണ് അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയത്.

ഇത് ‘ഇ.എം.എം. നെഗറ്റീവ്’ ഗ്രൂപ്പാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലോകത്ത് ഇതുവരെ ഒമ്പതുപേർക്ക് മാത്രമായിരുന്നു ഈ രക്തഗ്രൂപ്പ് കണ്ടെത്തിയിരുന്നത്. ഗുജറാത്ത് സ്വദേശിക്ക് കൂടി രക്തഗ്രൂപ്പ് കണ്ടെത്തിയതോടെ ഇവരുടെ എണ്ണം പത്തായി. ‘ഇ.എം.എം. നെഗറ്റീവ്’ ഗ്രൂപ്പ് നിലവിലുള്ള ‘എ’, ‘ബി’, ‘ഒ’, ‘എബി’ ഗ്രൂപ്പുകളുമായി തരംതിരിക്കാനാവില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

പൊതുവേ മനുഷ്യശരീരത്തിൽ നാല് തരം രക്തഗ്രൂപ്പുകളാണുള്ളത്. അവയിൽ എ, ബി, ഒ, Rh, Duffy എന്നിങ്ങനെ 42 തരം ഘടകങ്ങളും 375 തരം ആന്റിജനുകളുമുണ്ട്. രക്തത്തിൽ ഇഎംഎം ഹൈ-ഫ്രീക്വൻസി ആന്റിജൻ ഇല്ലാത്തവരാണ് ഇ.എം.എം. നെഗറ്റീവ് ഗ്രൂപ്പുകാർ. ഈ അപൂർവ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് അവരുടെ രക്തം ആർക്കും ദാനം ചെയ്യാൻ കഴിയില്ല. അവർക്ക് മറ്റാരിൽ നിന്നും രക്തം സ്വീകരിക്കാനും കഴിയില്ല.രക്തത്തിൽ ഇഎംഎമ്മിന്റെ അഭാവം വരുന്നതുകൊണ്ടാണ് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ (ഐഎസ്ബിടി) ഇതിന് ‘ഇ.എം.എം നെഗറ്റീവ്’ എന്ന് പേരിട്ടത്.