വിവോയ്ക്ക് പിന്നാലെ കുരുക്കിലായി മറ്റൊരു ചൈനീസ് മൊബൈൽ ഫോൺ കമ്പനി കൂടി; ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി ഡിആർഐ

ന്യൂഡൽഹി: വിവോയ്ക്ക് പിന്നാലെ നികുതി വെട്ടിപ്പ് ആരോപണത്തിൽ കുടുങ്ങി മറ്റൊരു ചൈനീസ് മൊബൈൽ ഫോൺ കമ്പനി കൂടി.
ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
മൊബൈൽ ഫോൺ നിർമാണം, അസംബ്ലിംഗ്, മൊത്തവ്യാപാരം, മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം എന്നിവയ ഓപ്പോ നടത്തുന്നുണ്ട്.

ഓപ്പോ, വൺ പ്ലസ്, റിയൽമി എന്നിവയുൾപെടെ വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഓപ്പോ ഇന്ത്യ രാജ്യത്ത് മൊബൈൽ ഫോണുകൾ വിൽക്കുന്നു. അന്വേഷണത്തിന് ശേഷം 4,389 കോടി രൂപ കസ്റ്റം ഡ്യൂട്ടി അടയ്ക്കാൻ ഓപ്പോ ഇന്ത്യയ്ക്ക് അധികൃതർ നോട്ടീസ് നൽകി. ഓപ്പോ ഇന്ത്യയ്ക്കും അതിന്റെ ജീവനക്കാർക്കും ഓപ്പോ ചൈനയ്ക്കും പിഴ ചുമത്താനും നോട്ടീസിൽ നിർദേശിക്കുന്നു.

കസ്റ്റം ഡ്യൂട്ടി വെട്ടിപ്പ് കണ്ടെത്തിയ ഓപ്പോ ഇന്ത്യ എന്നറിയപ്പെടുന്ന ഓപ്പോ മൊബൈൽസിനെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അന്വേഷണം നടത്തി വരികയാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഓഫീസുകളിലും മാനജ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി പ്രമുഖരുടെ വീടുകളിലും ഡിആർഐ പരിശോധന നടത്തി. ഇതിൽ ചില രേഖകൾ കണ്ടെടുത്തു.
മൊബൈൽ ഫോണുകളുടെ നിർമാണവുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച്‌ കമ്പനി മനഃപൂർവം തെറ്റായ പ്രഖ്യാപനങ്ങൾ നടത്തിയതായി ഈ രേഖകൾ വെളിപ്പെടുത്തുന്നുവെന്ന് അധികൃതർ പറയുന്നു.

അന്വേഷണത്തിനിടെ, ഓപ്പോ ഇന്ത്യയുടെ സീനിയർ മാനജ്‌മെന്റ് ജീവനക്കാരെയും കമ്പനിയുടെ ആഭ്യന്തര വിതരണക്കാരെയും ഡിആർഐ ചോദ്യം ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച്‌ വിവോയുടെ അക്കൗണ്ടുകൾ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു.

Advertisement