Home News National ഐഫോണിന് പകരം താടി വളർത്തുന്ന എണ്ണ; ഫ്ലിപ്കാർട്ട് 1.81 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

ഐഫോണിന് പകരം താടി വളർത്തുന്ന എണ്ണ; ഫ്ലിപ്കാർട്ട് 1.81 ലക്ഷം രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

മുംബൈ: ഓൺലൈനായി ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന എണ്ണ ലഭിച്ച ഉപഭോക്താവിന് അനുകൂലമായി ഉപഭോക്തൃ കോടതിയുടെ വിധി. ഐഫോണിന്റെ വിലയായ 1.11 ലക്ഷം രൂപയും നഷ്ടപരിഹാരവും നിയമനടപടി ചെലവുകളുമായി 70,000 രൂപയും നൽകാൻ ഫ്ലിപ്കാർട്ടിനും വിൽപ്പനക്കാരനും മുംബൈ സബർബൻ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.

2023 ഏപ്രിൽ 22-ന് മുംബൈയിലെ പവായി സ്വദേശിയായ ഉപഭോക്താവ് ഫ്ലിപ്കാർട്ടിലൂടെ 1,11,793 രൂപയ്ക്ക് ആപ്പിൾ ഐഫോൺ 14 പ്രോ (128 ജിബി) നോ-കോസ്റ്റ് ഇഎംഐ പദ്ധതിയിൽ വാങ്ങിയിരുന്നു. എന്നാൽ പാഴ്സൽ തുറന്നപ്പോൾ ഫോണിന് പകരം താടി വളർത്തുന്ന എണ്ണയും പാക്കിംഗ് സാമഗ്രികളുമാണ് ലഭിച്ചത്.

സംഭവത്തെ തുടർന്ന് പലതവണ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. പിന്നീട് ഫോൺ നൽകാതെയും പണം മടക്കി നൽകാതെയും പരാതി പരിഹരിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഓൺലൈൻ പേയ്മെന്റ് നടത്തിയ സാഹചര്യത്തിൽ ഉൽപ്പന്നം ഉപഭോക്താവിന് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയും ചെയ്യേണ്ടത് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. വിൽപ്പന പൂർത്തിയായ ശേഷം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും, ഉപഭോക്തൃ പരാതികൾ അവഗണിക്കുന്നത് സേവനത്തിലെ വീഴ്ചയും അന്യായ വ്യാപാര രീതിയുമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

അതേസമയം, ഉൽപ്പന്നത്തിന്റെ നിർമ്മാതാക്കളായ ആപ്പിൾ ഇന്ത്യയ്ക്ക് പാക്കേജിംഗിലോ വിതരണത്തിലോ നേരിട്ടുള്ള പങ്കില്ലെന്ന് വിലയിരുത്തി കമ്പനിയെ കേസിൽ നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here