26.8 C
Kollam
Monday 10th August, 2026 | 01:04:05 PM
Home News National തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ച യുവതിയെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു

തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ച യുവതിയെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു

കൊൽക്കത്ത: ബിഹാറിലെ മുൻഗറിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താൻ ശ്രമിച്ച യുവതിയെ സംസ്ഥാന സിഐഡി വിഭാഗം അറസ്റ്റ് ചെയ്തു. നോർത്ത് 24 പർഗാനാസ് സ്വദേശിനിയായ പൂജ ബിശ്വാസ് ആണ് വൻ ആയുധശേഖരവുമായി പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുരുക്കിലായത്. നൈഹാത്തിയിൽ നിന്നും ഹാബ്രയിലേക്ക് വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ സിഐഡി സംഘം തടഞ്ഞു നിർത്തുകയായിരുന്നു.

യുവതിയുടെ ബാഗിൽ നിന്ന് നിരവധി തോക്കുകൾ, 200 റൗണ്ട് വെടിയുണ്ടകൾ, 12 മാഗസിനുകൾ, 12,000 രൂപ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്ത. ബിഹാറിലെ ജമാൽപൂരിലേക്കുള്ള ഒരു ട്രെയിൻ ടിക്കറ്റും കൈവശമുണ്ടായിരുന്നു.

അനധികൃത ആയുധ നിർമ്മാണത്തിന് പേരുകേട്ട മുൻഗറിൽ നിന്ന് ശേഖരിച്ച ആയുധങ്ങൾ താൻ വാടകയ്ക്ക് താമസിക്കുന്ന ഹാബ്ര പ്രദേശത്ത് വില്പന ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ബിഹാറിൽ നിന്ന് ട്രെയിൻ മാർഗം നൈഹാത്തിയിൽ ഇറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് പോകുംവഴിയാണ് ഇവർ പിടിയിലായത്.

മുൻപും മറ്റൊരു കേസിൽ ദത്തപുകുർ പോലീസിന്റെ പിടിയിലായിട്ടുള്ള പൂജയ്ക്ക് അന്തർസംസ്ഥാന ആയുധക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.