27.5 C
Kollam
Thursday 3rd September, 2026 | 09:05:13 PM
Home News Breaking News പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം; ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു, അടിയന്തര ലാൻഡിങ്

മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെം​ഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡി​ഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് പൈലറ്റിന് വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡി​ഗോ അറിയിച്ചു.

Also Read: സവാളവില പിടിച്ചുനിർത്താൻ സർക്കാർ; 100 ടൺ ഇറക്കുമതി ചെയ്യും

ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെം​ഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിൽനിന്ന് നൽകുന്ന മേയ്​ഡേ സന്ദേശവും നൽകിയിരുന്നു. തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

എയർബസ് A320 വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാകാറുള്ളത്. ഇവരിൽ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥവന്നാൽ ഇത് അടിയന്തരസാഹചര്യമായാണ് വിമാനക്കമ്പനികൾ പരി​ഗണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി പറത്താൻ കഴിയുമെങ്കിലും ജോലിഭാരം വർധിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേ​ഗം സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അസുഖബാധിതനായ പൈലറ്റിന് വൈദ്യസഹായം നൽകുകയാണ് ചെയ്യാറുള്ളത്.

ദോഹ-ബെം​ഗളൂരു വിമാനത്തിലെ ക്രൂ അം​ഗത്തിന് അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യമായതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് ഇൻഡി​ഗോയും പ്രസ്താവനയിലൂടെ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം മെഡിക്കൽസംഘം ക്രൂ അം​ഗത്തിന് വൈദ്യസഹായം നൽകിയെന്നും ഇവർ സുഖംപ്രാപിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ബെം​ഗളൂരുവിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും മസ്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട ലഘുഭക്ഷണങ്ങളടക്കം നൽകിയെന്നും ഇൻഡി​ഗോ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here