26.9 C
Kollam
Wednesday 22nd July, 2026 | 11:59:37 AM
Home News National കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ 6.5 ലക്ഷത്തിന്റെ ടാപ്പുകള്‍ മോഷ്ടിച്ച് കാമുകന്മാര്‍

കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ 6.5 ലക്ഷത്തിന്റെ ടാപ്പുകള്‍ മോഷ്ടിച്ച് കാമുകന്മാര്‍

നാഗ്പുര്‍: കാമുകിമാര്‍ക്ക് ആഡംബര ഐ ഫോണുകള്‍ സമ്മാനമായി നല്‍കാന്‍ ഗോഡൗണ്‍ തകര്‍ത്ത് 6.5 ലക്ഷം രൂപയുടെ വിലകൂടിയ ഡിസൈനര്‍ ടാപ്പുകള്‍ മോഷ്ടിച്ച രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടികള്‍ പിടിയിലായി. സ്വര്‍ണനിറത്തിലുള്ള എട്ട് ടാപ്പുകള്‍, ഒമ്പത് റോസ് ഗോള്‍ഡ് ടാപ്പുകള്‍, നാല് വെള്ളിനിറത്തിലുള്ള ടാപ്പുകള്‍ എന്നിവയടക്കം ആകെ 6.5 ലക്ഷം രൂപയുടെ സാനിറ്ററി സാധനങ്ങളാണ് ഇവര്‍ കവര്‍ന്നത്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ ആഡംബര ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് ഇവര്‍ പ്രാദേശിക ആക്രിക്കാരന് വിറ്റഴിച്ചത്. പ്രതികളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട മുഴുവന്‍ സാനിറ്ററി സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങള്‍ വാങ്ങിയ ഇര്‍ഫാന്‍ അലി (ഇമ്മു റംസാന്‍ അലി) എന്ന ആക്രിക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെയ് 27-ന് രാത്രി ഗോഡൗണിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ ഇളക്കിമാറ്റിയാണ് കൗമാരക്കാര്‍ അകത്തുകടന്നത്.

നാഗ്പൂരിലെ പ്രമുഖ ടൈല്‍സ്, സാനിറ്ററി വെയര്‍ വ്യാപാര സ്ഥാപനമായ ‘രാഹുല്‍ സെറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ ഉടമ രാഹുല്‍ ജയചന്ദ് ബത്ര നല്‍കിയ പരാതിയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സംഭവസ്ഥലത്തെയും പരിസരത്തെയും 35-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പിടിയിലായ കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കാമുകിമാര്‍ക്ക് ഐഫോണ്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്. 12 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ സാധിച്ചതായി കലാംന പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ റാംലോഡ് അറിയിച്ചു.