26.9 C
Kollam
Wednesday 22nd July, 2026 | 10:46:55 AM
Home News International ഫിഫ ടിക്കറ്റ് വെബ്സൈറ്റില്‍ വന്‍ തകരാര്‍, സൗജന്യമായി കിട്ടിയ ടിക്കറ്റുകള്‍ റദ്ദാക്കി

ഫിഫ ടിക്കറ്റ് വെബ്സൈറ്റില്‍ വന്‍ തകരാര്‍, സൗജന്യമായി കിട്ടിയ ടിക്കറ്റുകള്‍ റദ്ദാക്കി

ടൊറന്റോ: ഔദ്യോഗിക വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം 60 ആരാധകര്‍ക്ക് ലോകകപ്പ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി ലഭിച്ചതായി ഫിഫ സമ്മതിച്ചു. സിസ്റ്റത്തിലെ പിഴവ് കാരണം പൂജ്യം വില രേഖപ്പെടുത്തി കൈമാറിയ ഈ ടിക്കറ്റുകള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഭരണകൂടമായ ഫിഫ അടിയന്തരമായി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, ടിക്കറ്റ് നഷ്ടമായ ആരാധകര്‍ക്ക് നിശ്ചിത തുക പൂര്‍ണ്ണമായി നല്‍കി ഇവ വീണ്ടും സ്വന്തമാക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റ് വിതരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടായ ‘ടിക്കറ്റ് ടോക്ക് നെറ്റ്വര്‍ക്ക്’ പുറത്തുവിട്ട കത്തിലാണ് ഫിഫയുടെ ഈ നടപടി വ്യക്തമാക്കുന്നത്. ടിക്കറ്റ് വാങ്ങുന്ന ഘട്ടത്തില്‍ പേയ്മെന്റ് പ്രോസസ്സില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് ഫിഫ സ്ഥിരീകരിച്ചു.

ജൂണ്‍ 3 ബുധനാഴ്ച സൗജന്യ ടിക്കറ്റ് കിട്ടിയ ആരാധകര്‍ക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക സന്ദേശം അയച്ചിട്ടുണ്ടെന്നും, അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഫിഫ അറിയിച്ചു. കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ടിക്കറ്റുകളാണ് ഇത്തരത്തില്‍ തകരാറിലായതെന്നാണ് ലഭിക്കുന്ന വിവരം.

അക്കൗണ്ടുകളില്‍ നിന്ന് ടിക്കറ്റുകള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിന് മുന്‍പ് അവയ്ക്ക് കൃത്യമായ പണം അടയ്ക്കാന്‍ ആരാധകര്‍ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ജൂണ്‍ 11 വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്.

ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ പുതിയ പ്രതിസന്ധി. എല്ലാ മത്സരങ്ങളും വിറ്റുതീരുമെന്ന് ഫിഫ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇപ്പോഴും നിരവധി സീറ്റുകള്‍ ലഭ്യമാണ് എന്നതും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ടിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഫിഫ ഇതിനകം തന്നെ മറ്റ് ചില നിയമനടപടികളും നേരിടുന്നുണ്ട്. കൃത്രിമമായി ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളെത്തുടര്‍ന്ന്, ന്യൂയോര്‍ക്കിലെയും ന്യൂജേഴ്സിയിലെയും അറ്റോര്‍ണി ജനറല്‍മാര്‍ കഴിഞ്ഞ ആഴ്ച ഫിഫയുടെ ടിക്കറ്റ് വിതരണ രീതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

ആവശ്യക്കാരും ടിക്കറ്റുകളുടെ ലഭ്യതയും അനുസരിച്ച് നിരക്കുകളില്‍ വ്യത്യാസം വരുത്തുന്ന ‘വേരിയബിള്‍ പ്രൈസിങ്’ രീതിയാണ് ഫിഫ ടിക്കറ്റ് വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഇതിന്റെ അവസാന ഘട്ട ഓപ്പണ്‍ സെയില്‍സ് വിന്‍ഡോ ആരംഭിച്ചത്. ടൂര്‍ണമെന്റിന്റെ കിക്കോഫ് വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.