Home News Breaking News പൂർണ മന്ത്രിസഭാ യോഗത്തിൽ സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി; ‘ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടണം, ഭാവിയിൽ ശ്രദ്ധ...

പൂർണ മന്ത്രിസഭാ യോഗത്തിൽ സുപ്രധാന നിർദേശവുമായി പ്രധാനമന്ത്രി; ‘ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടണം, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം’

Advertisement

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ഹോർമുസ് കടലിടുക്കിലെ ഉപരോധവും ഊർജ്ജ വിതരണത്തെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ബദൽ ഇന്ധന മാർഗ്ഗങ്ങൾ തേടാൻ നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂർണ മന്ത്രിസഭാ യോഗത്തിലാണ് നിർദേശം. എൽപിജിക്ക് പകരമായി ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിഷ്കരണ നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് യോഗത്തിൽ അദ്ദേഹം സൂചന നൽകിയില്ല.

Also Read: സംസ്ഥാനത്ത് മഴ ശക്തം, അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം

യുഎഇ, നാല് യൂറോപ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയായിരുന്നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മാരത്തോണ്‍ യോഗം ചേർന്നത്. ‘വികസിത് ഭാരത് 2047’ എന്നത് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് രാജ്യത്തോടുള്ള പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു. ഭരണ പരിഷ്കാരങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുൻകാലങ്ങളിലെ നേട്ടങ്ങളിൽ തൃപ്തിപ്പെട്ടിരിക്കുകയോ വീഴ്ചകളിൽ ഖേദിക്കുകയോ ചെയ്യാതെ, പൂർണ്ണമായും ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

നടപ്പിലാക്കുന്ന പുതിയ പദ്ധതികളും പരിഷ്കാരങ്ങളും ഒരു തരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതോ ഉപദ്രവിക്കുന്നതോ ആകരുത് എന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരിക്കണം എല്ലാ പരിഷ്കാരങ്ങളുടെയും ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. എൻഡിഎയുടെ മൂന്നാം സർക്കാർ ജൂൺ 9-ന് രണ്ട് വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് ഈ അവലോകനം നടന്നത്.

വിവിധ വകുപ്പുകളുടെ ഫയൽ തീർപ്പാക്കൽ, ജനങ്ങളുടെ പരാതി പരിഹരിക്കൽ തുടങ്ങിയവയിലെ പ്രകടനം യോഗം വിലയിരുത്തി. ഓരോ സൂചകത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് മന്ത്രാലയങ്ങളെയും പിന്നിലായ അഞ്ച് മന്ത്രാലയങ്ങളെയും തരംതിരിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയതായാണ് വിവരം. ‘റിഫോം, പെർഫോം, ട്രാൻസ്ഫോം, ഇൻഫോം’ എന്ന ഭരണമന്ത്രം പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിനായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here