പത്തുതല, പടച്ചട്ട; ‘തിന്മയുടെ രൂപമായ രാവണനാണ് രാഹുൽ’: പോസ്റ്റർ പ്രചാരണവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാവണനോട് ഉപമിച്ച് ബിജെപി. ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെയാണ് രാവണനോട് സാദൃശ്യപ്പെടുത്തി രാഹുലിന്റെ പോസ്റ്റർ ബിജെപി പങ്കുവച്ചത്. ‘‘രാവൺ, നിർമാണം കോൺഗ്രസ് പാർട്ടി, സംവിധാനം ജോർജ് സോറസ്.’’ എന്ന കുറിപ്പോടെയാണ് രാവൺ സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള രാഹുലിന്റെ പോസ്റ്റർ ബിജെപി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

പത്തുതലകളുള്ള പടച്ചട്ട അണിഞ്ഞു നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് ബിജെപി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘‘ഇതാ പുതിയ തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം’’– ചിത്രം പങ്കുവച്ചു കൊണ്ട് ബിജെപി ഔദ്യോഗിക പേജിൽ കുറിച്ചു.

ഇത്തരത്തിൽ രാഹുലിന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബിജെപിയുടെ പ്രചാരണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ‘‘ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം പ്രചരിപ്പിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്താണ്? പിതാവിനെയും മുത്തശ്ശിയെയും അക്രമികൾ കൊലപ്പെടുത്തിയ ഒരു കോൺഗ്രസ് എംപിക്കെതിരെയുള്ള ഈ പ്രചാരണം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയെ വിഭജിക്കുന്നതാണ്. ഓരോ ദിവസവും കളവു പറയുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ പ്രശ്നമാകില്ല. പക്ഷേ, ഇത് വളരെ അപകടകരമാണ്. ഇതുകൊണ്ട് ഞങ്ങൾ ഭയപ്പെടില്ല.’’– ജയറാം രമേശ് പറ‍ഞ്ഞു.

Advertisement