അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം; മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ട് പരിഹരിച്ചു

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് സ്കൂളിലുണ്ടായ പരാതി മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹരിച്ചു. വിദ്യാർഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. പരാതി പരിഹരിച്ചതിനെ തുടർന്ന് കേസ് തീർപ്പാക്കി.

എടപ്പറ്റ സികെഎച്ച്എംജിഎച്ച്എസ് സ്കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞത് വിവാദമാവുകയും സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപിക കമ്മിഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഡിഡിഇയോട് പരാതിയിൽ പരിഹാരം കാണാൻ കമ്മിഷൻ നിർദേശിച്ചു. ഡിഡിഇ, സ്കൂൾ സന്ദർശിച്ച് അധ്യാപികയെയും പ്രധാനാധ്യാപികയെയും നേരിൽ കേട്ടതിനു ശേഷം അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന ‘സൗകര്യപ്രദം’ എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് കമ്മിഷനെ അറിയിച്ചു.

സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്ന് രമ്യമായി തീർക്കേണ്ട ഒരു വിഷയം സങ്കീർണമാക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഡിഡിഇ റിപ്പോർട്ട് ചെയ്തു. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനകൾ ചട്ടവിരുദ്ധമാണെന്ന കാര്യം അറിയില്ലായിരുന്നു എന്ന് അധ്യാപിക അറിയിച്ചു. വിവാദത്തെത്തുടർന്ന് പരാതിക്കാരിക്ക് മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു.

വിഷയം രമ്യമായി പരിഹരിക്കാതിരുന്ന പ്രധാനാധ്യാപികയോടു ഇനിയൊരു പരാതിക്ക് ഇടനൽകാത്ത വിധം പ്രവർത്തിക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ലിംഗ വിവേചനം കാണിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥാണ് വിഷയം തീർപ്പാക്കിയത്.

Advertisement