ആദ്യ കാഴ്ചയിൽ തന്നെ പ്രണയം, കാണാൻ കൈക്കൂലി കൊടുത്ത് തരപ്പെടുത്തിയ ഇരിപ്പിടം; രാജീവ് ഗാന്ധിയുടെ പ്രണയകാലം!

എഡ്വിജ് അന്റോണിയ ആൽബിന മൈനോ എന്ന പേര് ചിലപ്പോൾ ആരും കേട്ടിട്ടുണ്ടാകില്ല. ഇറ്റലിയിലെ ടൂറിൻ പട്ടണത്തിലെ പൈഡ്മൗണ്ടിനടുത്തുള്ള ഓർബസ്സാനോ എന്ന കൊച്ചു ടൗണിലെ ബിൽഡിങ് കോൺട്രാക്ടർ ആയ സ്‌റ്റെഫാനോയുടെയും പാവോളയുടെയും മൂന്നു പെൺമക്കളിൽ നടുക്കുള്ളവൾ. 1946 ഡിസംബർ 9 -ന് ജനിച്ച മൈനോയ്ക്ക് പക്ഷേ ഇറ്റലിയിൽ പ്രസിദ്ധയാകാൻ അല്ലായിരുന്നു യോഗം. അവരുടെ ഓമനപ്പേര് പറഞ്ഞാൽ തിരിച്ചറിയാത്തവരായി ഇന്ത്യയിൽ ആരുമുണ്ടാവില്ല. സോണിയ. സോണിയാ ഗാന്ധി. ഇന്ദിരാപുത്രനായ രാജീവ് ഗാന്ധി എന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പത്നി, വിധവ. സോണിയാ രാജീവ് പ്രണയത്തിന്റെ വിശദാംശങ്ങളിലൂടെ കടന്നുപോവുന്നുണ്ട് അശ്വിനി ഭട്നാഗർ രചിച്ച ‘ദ ലോട്ടസ് ഇയേഴ്സ്’ എന്ന പുതിയ പുസ്തകം. (The Lotus Years: Political Life in India in the Time of Rajiv Gandhi, Ashwini Bhatnagar, published  by Hachette India) 

മുൻ പ്രധാനമന്ത്രി എന്ന നിലയിൽ നമുക്ക് രാജീവ് ഗാന്ധി ഏറെ പരിചിതനാണ്. രാജീവ് എന്ന മനുഷ്യനെ അടുത്ത് പരിചയമുള്ളവർ ഒരുപക്ഷേ അപൂർവമാകും. അദ്ദേഹം കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് സോണിയയോട് തോന്നിയ പ്രണയത്തെക്കുറിച്ച് അറിയാവുന്നവർ അതിലും ചുരുക്കം. കേംബ്രിഡ്ജിലെ ആ പ്രണയകാലത്തേക്കുറിച്ച് പറയാൻ ഏറെയുണ്ട്.

1965 -ന്റെ തുടക്കത്തിൽ കേംബ്രിഡ്ജിലെ പഠനകാലത്തിനിടെയാണ് രാജീവ് സോണിയ പ്രണയം പൂവിടുന്നത്. കേംബ്രിഡ്ജിലെ ‘വാഴ്സിറ്റി’ റെസ്റ്റോറന്റിൽവെച്ച് പ്രഥമ ദർശനം, പ്രണയം. സോണിയ പതിവായി ഇരിക്കുന്ന ജനാലയ്ക്കലെ മേശയ്ക്കു സമീപത്ത് ഇരിപ്പിടം കിട്ടാൻ റെസ്റ്റോറന്റ് ഉടമ ചാൾസ് അന്റോണിയ്ക്ക് രാജീവ് കൈക്കൂലി നൽകി.

കേംബ്രിഡ്ജിന്റെ തെരുവുകളിൽ ഇണപ്രാക്കളുടെ സൈക്കിൾ സവാരികൾ. അന്നൊന്നും പക്ഷെ ഇന്ദിര എന്ന തന്റെ അമ്മയെക്കുറിച്ച് രാജീവ് സോണിയയോട് പറയുന്നില്ല. ഒരു ദിവസം വളരെ ആകസ്മികമായി കേംബ്രിഡ്ജിലെ ഒരു പത്രത്തിൽ അച്ചടിച്ചുവന്ന ഒരു ചിത്രം ചൂണ്ടിക്കാട്ടി രാജീവ് പറഞ്ഞു, ‘സോണിയാ, ഇതെന്റെ അമ്മയാണ്’. അടുത്ത അവധിക്ക് നാട്ടിൽ ചെന്ന സോണിയ അച്ഛൻ സ്‌റ്റെഫാനോയോട് തന്റെ പ്രണയം വെളിപ്പെടുത്തുന്നു. എതിർപ്പുകൾക്കും, ഒരു വർഷത്തെ ഇടവേളക്കും ശേഷം 1968 ജനുവരിയിൽ സോണിയയും രാജീവും ഒന്നിക്കാൻ ഇന്ത്യയിലേക്ക്.

വരവേൽക്കാൻ എയർപോർട്ടിലെത്തിയത് ആത്മമിത്രമായ അമിതാഭ് ബച്ചൻ. വന്നിറങ്ങി പതിമൂന്നാം നാൾ വിവാഹനിശ്ചയം. 1968 ഫെബ്രുവരി 25 ന് മാംഗല്യം. സോണിയയെ ജീവിത സഖിയാക്കുമ്പോൾ രാജീവ് ഇന്ത്യൻ എയർലൈൻസിൽ അയ്യായിരം രൂപ ശമ്പളം പറ്റുന്ന കമേഴ്ഷ്യൽ പൈലറ്റായിരുന്നു. ഫോട്ടോഗ്രാഫിയിൽ അടങ്ങാത്ത കമ്പമുണ്ടായിരുന്ന രാജീവ് ഗാന്ധി എന്നും തന്റെ ക്യാമറയിൽ പകർത്താനിഷ്ടപ്പെട്ടിരുന്നതും സോണിയയുടെ മുഖഭാവങ്ങൾ തന്നെ.

Advertisement