അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഞാന്‍ ഉണ്ടാകുമായിരുന്നില്ല” തുറന്നു പറഞ്ഞ് ദീപിക

Advertisement

ബിക്കിനി വിവാദവും ഹേറ്റ് കാമ്പയിനും ഹിന്ദു സംഘടനകളുടെ ബഹിഷ്കരണ ഭീഷണിയും നല്‍കിയ ‘ഊര്‍ജ’ ത്തില്‍ ഷാരൂഖിന്റെ പത്താന്‍ തിയറ്ററുകളില്‍ പുതിയ വിജയഗാഥ രചിക്കുകയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച്‌ വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് താന്‍ ഉണ്ടാകുമായിരുന്നില്ലെന്നു ദീപിക പറഞ്ഞു. “എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമില്‍ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോണ്‍ഫിഡന്‍സ്. ഞങ്ങള്‍ തമ്മിലുള്ള കെമിസ്‌ട്രി ഇപ്പോഴും വളരെ സ്‌പഷ്ടമാണ്. ഞങ്ങള്‍ പങ്കിടുന്ന ബന്ധം, സ്‌നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസില്‍ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു”- ദീപിക പറഞ്ഞു.
പത്താന്‍ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നടി വികാരഭരിതയായത്. പത്താന്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകര്‍ക്കൊപ്പം കാണണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചില തിയറ്ററുകളില്‍ പോയി പ്രേക്ഷകരുടെ പ്രതികരണം നേരിട്ടു കണ്ടു. ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാന്‍ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവര്‍ക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു. ഒരു ഉത്സവം പോലെയാണ് അവര്‍ പത്താന്‍ ആഘോഷിക്കുന്നതെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.

Advertisement