പെൺകുട്ടികളുടെ ശുചിമുറി ദൃശ്യം പ്രചരിപ്പിച്ചു; വിദ്യാർഥിനി അറസ്റ്റിൽ

മൊഹാലി: വനിതാ ഹോസ്റ്റലിൽ നിന്നുള്ള പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ചണ്ഡിഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധം. വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളിലൊരാൾ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ദൃശ്യങ്ങൾ പുറത്തുവിട്ട ഒന്നാം വർഷ എംബിഎ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്‌തതായി മൊഹാലി പൊലീസ് അറിയിച്ചു.

അറസ്റ്റിലായ പെൺകുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാത്രി വൈകിയും പെൺകുട്ടികൾ ക്യാംപസിൽ പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ശുചിമുറി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തകൾ പ്രചരിച്ചതോടെ സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പൊലീസ് മേധാവി വിവേക് സോനി പ്രതികരിച്ചു.

വിദ്യാർഥിനികൾ ക്യാംപസിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർവകലാശാല അധികൃതർ വ്യക്തമാക്കി. സംഭവത്തിനു പിന്നിലെ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിദ്യാർഥികൾ സംയമനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് വിദ്യാർഥികളോട് അഭ്യർഥിച്ചു.

Advertisement