സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് വിടരുതെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം. ആറാഴ്ച ഡൽഹിയിൽ തുടരണമെന്നും സുപ്രീം കോടതി ജാമ്യം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടു.

പിന്നീട് കേരളത്തിലേക്കു പോകാമെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിലേക്കു പോകാൻ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

സിദ്ദീഖ് കാപ്പന് ജാമ്യം നൽകുന്നതിനെ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ എതിർത്തു. ജാമ്യം നൽകുന്നതു സാക്ഷികൾക്കു ഭീഷണിയാണെന്നാണു സർക്കാരിന്റെ വാദം. 2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചതായും കാപ്പന്റെ ലേഖനങ്ങൾ മുസ്‌ലിം സമുദായത്തിനുള്ളിൽ പ്രകോപനം സൃഷ്ടിക്കുന്നവയായിരുന്നുവെന്നും 5000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

രണ്ടു വർഷമായി ജയിലിൽ തുടരുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും സിദ്ദിഖിന്റെ അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. യുപി സർക്കാരിനു പറയാനുള്ള കാര്യങ്ങൾ മൂന്ന്ദിവസത്തിനുള്ളിൽ സത്യവാങ്മൂലമായി നൽകാൻ സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

Advertisement