ശ്രീകൈലാസത്തിൽ മെഡിക്കൽ സൗകര്യങ്ങൾ കുറവ്; നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്

കൊളംബോ: സ്വയം പ്രഖ്യാപിത ആത്മീയ നേതാവും പീഡനക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടുന്നതായി റിപ്പോർട്ട്.

ആഗസ്റ്റ് ഏഴിന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്ക് തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി നിത്യാനന്ദ കത്ത് എഴുതിയതായാണ് റിപ്പോർട്ട്. നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. കത്തിൽ നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്ന് പരാമർശിച്ചിട്ടുണ്ടെന്നും ശ്രീലങ്കൻ സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമി എഴുതിയ കത്തിൽ പറയുന്നത് ഇപ്രകാരമാണ് ശ്രീ നിത്യാനന്ദ പരമശിവത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. കൈലാസത്തിൽ നിലവിൽ ലഭ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉപയോ​ഗിച്ച്‌ ഡോക്ടർമാർക്ക് ഇപ്പോഴും അടിസ്ഥാന രോഗനിർണയം നടത്താൻ കഴിയുന്നില്ല. നിത്യാനന്ദയുടെ ആരോഗ്യം മനസ്സിൽ വച്ചുകൊണ്ട് രാഷ്ട്രീയ അഭയം ഉടൻ നൽകണമെന്ന് ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നാണ്. നിത്യാനന്ദയെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയിൽ സുരക്ഷിതമായി വൈദ്യസഹായം നൽകാൻ കഴിയുമെന്നും ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രി കത്തിൽ പറയുന്നുണ്ട്.

കൂടാതെ തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കാൻ ശ്രീലങ്കയോട് അഭ്യർത്ഥിക്കുകയും നിത്യാനന്ദയുടെ ചികിൽസയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്തുമെന്നുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തിൽ വ്യക്തമാക്കുന്നുണ്ട്. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ അഞ്ച് വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചുവെന്ന കേസിലെ കുറ്റാരോപിതനാണ് നിത്യാനന്ദ. ഈ കേസിൽ കർണാടക പൊലീസിന്റെ സിഐഡി വിഭാ​ഗം അന്വേഷണം നടത്തുന്നുണ്ട്. ഗുജറാത്തിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസും നിത്യാനന്ദക്കെതിരെ നിലനിൽക്കുന്നുണ്ട്. ഈ കേസിൽ ഇന്റർപോൾ നിത്യാനന്ദയ്ക്കെതിരെ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പീഡനക്കേസിൽ നിത്യാനന്ദയ്ക്കെതിരെ ബംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരുപാട് തവണ കോടതി സമൻസുകൾ പുറപ്പെടുവിച്ചിട്ടും നിത്യാനന്ദ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

Advertisement