കൂട്ടുകാരുടെ കളിയാക്കൽ അസഹനീയം; പേരുമാറ്റാൻ ഒരുങ്ങി ആറു വയസ്സുകാരി അലക്സ

Advertisement

ബെർലിൻ: സ്കൂളിൽ സഹപാഠികളുടെ നിരന്തരമായ കളിയാക്കലിൽ ആകെ തകർന്നു പോയിരിക്കുകയാണ് ജർമ്മനിയിൽ നിന്നുള്ള ഒരു ആറു വയസ്സുകാരി പെൺകുട്ടി. മകളുടെ വിഷമം കണ്ട് ഒടുവിൽ അവൾക്കിട്ട അലക്സാ എന്ന പേര് മാറ്റാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ ഇപ്പോൾ.

സ്‌കൂളുകളിലും കോളേജുകളിലും പീഡനമോ റാഗിംഗോ കുറ്റമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അതിൽ വീണു കഷ്ടപ്പെടുന്ന കുറച്ച് വിദ്യാർത്ഥികൾ ഇപ്പോഴുമുണ്ട്. വളരെ ചെറിയ ക്ലാസുകൾ മുതൽ തന്നെ ഇത്തരം കാര്യങ്ങൾ ആരംഭിക്കുന്നു എന്നതാണ് മറ്റൊരു ദുഃഖകരമായ കാര്യം. ഇവിടെ സഹപാഠികളുടെ നിരന്തരമായ റാഗിങ്ങിന് ഇരയായിരിക്കുന്നത് ഒരു ആറു വയസ്സുകാരിയാണ്.

സഹപാഠികളുടെ കളിയാക്കൽ കാരണം സ്കൂളിൽ പോകാൻ പോലും ഭയമാണ്. മകളുടെ സങ്കടകരമായ അവസ്ഥ കണ്ട് അവർ ഏറെ ഇഷ്ടപ്പെട്ട അവൾക്കിട്ട പേര് മാറ്റാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കൾ. അലക്സ എന്നാണ് അവളുടെ പേര്. സ്കൂളിൽ പോയി തുടങ്ങുന്നതിനു മുൻപ് വരെ ആ പേര് അവൾക്കും വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഇന്നവൾ ഏറെ വെറുക്കുന്നത് സ്വന്തം പേരിനെയാണ്.
വോയ്‌സ് ഓർഡറുകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന ആമസോൺ വികസിപ്പിച്ച AI അസിസ്റ്റന്റായ അലക്‌സയെക്കുറിച്ച് എല്ലാവർക്കും അറിയാം. ഈ ഉപകരണം ഇന്ന് പല വീടുകളിലും കാണാം.

പക്ഷേ, ഈ പുതിയ സാങ്കേതിക വിദ്യ ഈ പെൺകുട്ടിക്ക് പ്രശ്‌നമുണ്ടാക്കുമെന്ന് ആരും കരുതിയിരിക്കില്ല. അവളുടെ പേരും അലക്സ എന്ന് ആയതു കൊണ്ട് ആളുകൾ അവളെ ഒരു ആമസോൺ അസിസ്റ്റന്റിനെപ്പോലെ പരിഗണിക്കാൻ തുടങ്ങി. അത് കുറച്ചൊന്നുമല്ല അവളെ മാനസികമായി തളർത്തി കളഞ്ഞത്.

സ്കൂളിൽ എത്തിയാൽ സഹപാഠികൾ ആമസോൺ എ ഐ അസിസ്റ്റൻറ് അലക്സയോട് ആജ്ഞാപിക്കുന്നത് പോലെ തന്നെ അവളോടും പെരുമാറുന്നതാണ് ഈ ആറു വയസ്സുകാരിയെ ഏറെ വിഷമിപ്പിക്കുന്നത്. അലക്സാ ഡാൻസ് കളി, അലക്സാ പാട്ടുപാട്, അലക്സാ പുസ്തകം താ എന്നിങ്ങനെയൊക്കെ പറഞ്ഞ് ഒരു അടിമയെ പോലെയാണ് സഹപാഠികൾ ഇവളോട് പെരുമാറുന്നത്. ഒരിക്കൽ പേര് പറഞ്ഞപ്പോൾ ഒരു അപരിചിതനും മകളോട് സമാനമായ രീതിയിൽ പെരുമാറിയെന്ന് മാതാപിതാക്കൾ പറയുന്നു.

ഒടുവിൽ പേര് മാറ്റാൻ തീരുമാനിച്ച മാതാപിതാക്കൾ ഇതിനായി അധികാരികളെ സമീപിച്ചെങ്കിലും നടന്നില്ല. തുടർന്നവർ കോടതിയെ സമീപിച്ചു. ഒടുവിൽ കുട്ടിയുടെ സങ്കടകരമായ അവസ്ഥ ആമസോൺ കമ്പനി അധികാരികളുടെ ചെവിയിലും എത്തി. ഇത്തരത്തിൽ ഒരു അനുഭവം പെൺകുട്ടിക്ക് നേരിട്ടതിൽ ദുഃഖം ഉണ്ടെന്നും. ഡിവൈസ് പ്രവർത്തിപ്പിക്കാൻ മറ്റു വാക്കുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻതന്നെ അത് മാറ്റി ഉപയോഗിക്കുമെന്നും കമ്പനി അധികൃതർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

Advertisement