സിസിടിവി കുരുക്കായി; സത്യേന്ദറിന്റെ ‘വിഐപി’ സൗകര്യങ്ങൾ നീക്കി: 15 ദിവസം സന്ദർശകരില്ല

ന്യൂഡൽഹി: കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ വിഐപി സൗകര്യങ്ങൾ എടുത്തുമാറ്റി. 15 ദിവസത്തേക്ക് മന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിക്കില്ല. സത്യേന്ദറിന്റെ ആഢംബര ജയിൽവാസത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. സെല്ലിനകത്തെ കസേരയും മേശയും ഉൾപ്പെടെയുള്ളവ നീക്കം ചെയ്തു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന നിയമിച്ച സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് നടപടി. സത്യേന്ദറിന് വിഐപി പരിഗണന നൽകിയത് അന്ന് ജയിൽ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണെന്ന് സമിതി കണ്ടെത്തി. ഇയാൾക്കെതിരെ നടപടിയെടുക്കാനും സമിതി നിർദേശിച്ചു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനും ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായിരുന്നു സത്യേന്ദറിന്റെ ജയിലിലെ ദൃശ്യങ്ങൾ പുറത്തുവന്നത്. ജെയിൻ പുറത്തുനിന്നു കൊണ്ടുവന്ന ആഹാരം കഴിക്കുന്നതും ജയിലിലെ അന്തേവാസിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങളായിരുന്നു അവ. എന്നാൽ മന്ത്രിക്ക് ലഭിച്ചത് ഫിസിയോതെറാപ്പി എന്നാണ് പാർട്ടി നൽകിയ വിശദീകരണം.

Advertisement