ഭരണിക്കാവില്‍ പ്രത്യേക ആരാധനാക്രമങ്ങളും പൂജയുമായി നവോത്ഥാന നായകനായ ബസവേശ്വരയുടെ പേരിൽ മഹാശിവലിംഗ ക്ഷേത്രമൊരുങ്ങി

ശാസ്താംകോട്ട.കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ വ്യത്യസ്ത ആരാധനാക്രമങ്ങളും പൂജയുമായി നവോത്ഥാന നായകനായ ബസവേശ്വരയുടെ പേരിൽ മഹാശിവലിംഗ ക്ഷേത്രമൊരുങ്ങി. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ പ്രവേശനമുള്ള ക്ഷേത്രം ഉടൻ തുറന്നു നൽകും. തീർത്ഥാടന ടൂറിസത്തിന് കൂടുതൽ കരുത്ത് പകരുന്ന നിലയിലാണ് ക്ഷേത്രത്തിൻ്റെ നിർമ്മാണം.

പന്ത്രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥിതികൾക്കും, മറ്റു വിവേചനങ്ങൾക്കും എതിരെ പടപൊരുതിയ വീരശൈവ ബ്രാഹ്മണനായ ബസവേശ്വരയുടെ പേരിലാണ് മഹാ ശിവലിംഗ ക്ഷേത്രം ഒരുക്കിയത്. കൊല്ലം- തേനി ദേശീയ പാതയിലെ ഭരണിക്കാവ് പനമ്പെട്ടിയിൽ മഹാശിവലിംഗ ശ്രീ കൈലാസ മഹാദേവ ക്ഷേത്രം സർക്കാർ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഏതു മതക്കാർക്കും പ്രവേശനം നൽകുന്ന ക്ഷേത്രം നിരവധി പ്രത്യേകതകൾ ഉള്ളതാണ്. അബ്രാഹ്മണ പൂജാരിക്കൊപ്പം ഭക്തർക്കും പൂജ ചെയ്യാവുന്ന കാശി വിശ്വനാഥ ക്ഷേത്രം മാതൃകയിലാണ് ഇതിൻ്റെ നിർമ്മാണം. മതവും ജാതിയും പ്രശ്നമല്ല വ്രതശുദ്ധിയോടെ പൂജ ചെയ്യണമെന്ന് മാത്രം.വലിയ ശിവലിംഗത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൻ്റെ ടൂറിസം മേഖലയിലും ക്ഷേത്രം പുതിയ കരുത്താകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ഷേത്രത്തിനോട് ചേർന്ന് പബ്ലിക് ലൈബ്രറിയും തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ നാലിന് കൊടിക്കുന്നിൽ സുരേഷ് എം.പി, എ.എം ആരിഫ് എം പി എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ക്ഷേത്രം പൊതുജനങ്ങൾക്കായി സമർപ്പിക്കും.

Advertisement