ഒറ്റപ്പരിശോധന, കൊല്ലത്തിന്‍റെ മീന്‍തട്ടുകള്‍ കാലിയായി,അധികൃതര്‍ ഇതുകാണുന്നുണ്ടല്ലോ അല്ലേ

.പ്രത്യേകലേഖകന്‍

കൊല്ലം. ഒറ്റപ്പരിശോധന, കൊല്ലം നഗരം രണ്ടുദിവസമായി മീന്‍കൂട്ടാതെ ചോറിറങ്ങാത്ത അവസ്ഥയില്‍, അഥവാ വാടിയിലേയും നീണ്ടകരയിലെയും പരവൂരെയും അഴീക്കലെയും വള്ളക്കാരുകൊണ്ടുവരുന്ന ചൂടയും മത്തികുഞ്ഞുമൊക്കെ കിട്ടിയവര്‍ക്ക് ഭക്ഷണത്തിന് എന്തു രുചി. ദേശിംഗനാടിന്റെ മല്‍സ്യം തീറ്റപ്രേമം നാടിനെ എത്തിച്ചിരിക്കുന്ന അപകടകരമായ നില അറിയാത്തത് അധികൃതര്‍ മാത്രം. ഉത്തരവാദിത്വമുള്ളവരുടെ കണ്ണടവുമൂലം കൊല്ലം എത്തിപ്പെട്ടിരിക്കുന്നത് വലിയ ഒരു പതനത്തിലാണ്.

തമിഴ്‌നാട്ടില്‍നിന്നും വന്നുമറിയുന്ന വിഷമീന്‍ കൊല്ലക്കാര്‍ തിന്നു തീര്‍ക്കുകയായിരുന്നു. കോവിഡ് കാലത്താണ് ഈ കച്ചവടം പുഷ്ടിപ്പെട്ടത്. കുറഞ്ഞവിലയ്ക്ക് ഏജന്‌റുമാര്‍ എത്തിക്കുന്ന കേരയും ചൂരയും എന്നല്ല ഒരുമാതിരി കൊല്ലക്കാരന്റെ നാവുപരിചയിച്ച മീനെല്ലാം മലകടന്ന് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. പിടിച്ച് ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍തന്നെ ആയവയും. ജനം ഇതു തിന്ന് കിഡ്ണിരോഗികളും ക്യാന്‍സര്‍ രോഗികളുമാകുമ്പോള്‍ ഒരു വലിയ വിഭാഗം ഏജന്റുമാര്‍ സമ്പന്നരായി.

മല്‍സ്യ വിപണി വരവുമീന്‍ കയ്യടക്കിയത് തകര്‍ത്തത് ജില്ലയിലെ പരമ്പരാഗത മേഖലയെ. പിന്നെ അവരും ഇവരുടെ ഏജന്റുമാരായി. നീണ്ടകര കടലോരത്തുപോലും കടലൂരിലെയും നാഗപട്ടണത്തിലെയും മീന്‍ ഇറക്കി വില്‍ക്കുന്നത് പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ കണ്ടുനിന്നു. ചിലര്‍ സഹകരിച്ചു. നിരന്തര പരാതിയെത്തുടര്‍ന്ന് ഒറ്റദിവസം രാത്രി പരിശോധനയിലാണ് കൊല്ലം തിന്നേണ്ടിയിരുന്ന 11000 കിലോ മീന്‍ പിടികൂടി അധികൃതര്‍ കുഴിച്ചു മൂടിയത്.

അതിന്റെ ഞെട്ടലില്‍ കൊല്ലത്തേക്ക് രണ്ടു ദിവസമായി മീന്‍ വരുന്നില്ല. എന്നുവച്ചാല്‍ നല്ലമീനേ വരാനില്ല അതുതന്നെ. തട്ടുകള്‍ കാലിയായിക്കിടക്കുന്നു. ഒരു വിവരവുമില്ലാതെ ജനം മീനിനായി നെട്ടോട്ടമോടുന്നു. ട്രോളിംങ് നിരോധന കാലത്തും തങ്ങള്‍ വെട്ടിവിഴുങ്ങിയത് വിഷമെന്ന് തിരിച്ചറിയാത്തത്ര മീന്‍പ്രേമമാണ് കൊല്ലം കാരുടേത്. വാടി നീണ്ടകര അഴീക്കല്‍ എന്നീ മൂന്നുപോര്‍ട്ടുകളും നൂറുകണക്കിന് കടവുകളുള്ള അഷ്ടമുടിക്കായലും കിടക്കുന്നകൊല്ലത്തിന് വിഷമീന്‍ തിരിച്ചറിയാതെ പോയതിന് ആരാണ് ഉത്തരവാദി. അന്തിപ്പച്ചയില്‍പോലും മായം കലര്‍ത്തിയിട്ടും അധികൃതര്‍അനങ്ങിയില്ല.

ഇടയ്ക്കുമാത്രം നടക്കുന്ന തുഛമായ പരിശോധന ഒന്നുമാകില്ല എന്നതാണ് സത്യം. വിഷമീന്‍ അതിരു കടക്കാന്‍ അനുവദിക്കരുത്. നല്ലമല്‍സ്യം എത്തിക്കാന്‍ ആരംഭിച്ച അന്തിപ്പച്ചപോലുള്ള സംരംഭങ്ങള്‍ പരാജയപ്പെടരുത്. ഓരോ സ്ഥലത്തും ഒരു ഉത്തരവാദിത്വവുമില്ലാതെ തട്ടുകളില്‍ വില്‍ക്കുന്ന മല്‍സ്യം എവിടെനിന്ന് എന്ന പരിശോധന എല്ലാ ദിവസവും നടക്കണം., മല്‍സ്യപരിശോധന നടക്കുമ്‌പോള്‍ പരമ്പരാഗത തൊഴിലാളിയുടെ മറപറ്റി കള്ളക്കച്ചവടക്കാര്‍ അത് തടയാനും രാഷ്ട്രീയ സ്വാധീനം നടത്താനും അനുവദിക്കരുത്. ഒരു തലമുറയെ നശിപ്പിക്കുന്ന ഈ കച്ചവടം തടയാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുകയും അത് വിജയിക്കാനും തുടരാനും അവസരമുണ്ടാക്കുകയും വേണം. തങ്ങളുടെ നട്ടെല്ലൊടിക്കുന്ന മല്‍സ്യവരവ് പരമ്പരാഗത മേഖലയും തിരിച്ചറിയണം.
കടല്‍വഴിയും മീന്‍ കടത്തുമെന്ന് സൂചനയുണ്ട്. അതുപോലെ വലിയബോട്ടുകള്‍ കടലില്‍വച്ചുതന്നെ രാസപദാര്‍ഥങ്ങള്‍ വിതറിയ ഐസ് ചേര്‍ത്ത് മീന്‍ സൂക്ഷിക്കുന്ന പതിവ്. ഇതിനും പരിഹാരമുണ്ടാകണം. കൊല്ലംകാരന് തിന്നാനുള്ള മീന്‍ കൊല്ലത്തു തന്നെകിട്ടും എന്തിനാണീ വിഷക്കടത്ത്.

Advertisement