ശാസ്താംകോട്ട. പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി അടിപിടി , കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ബാദുഷയെ (27) അറസ്റ്റ് ചെയ്ത് 6 മാസത്തെ കരുതൽ തടങ്കലിലാക്കി.

കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ബാദുഷയെ കരുതൽ തടങ്കലിലാക്കിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നത്. 2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.

ഇതിനെത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.

സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here