പോരുവഴി : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവം വെള്ളിയാഴ്ച കൊടിയേറി.രാത്രി 9 നും 9.30 നു മധ്യേ ആയിരുന്നു കൊടിയേറ്റ്.

വായ്കുരവയുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന
കൊടിയേറ്റിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ഭക്തരും എത്തിയിരുന്നു.ക്ഷേത്രത്തിലെ മുഖ്യ ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും തൃക്കോടിയേറ്റ് ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു.വടക്കേമുറി കന്നീലഴികത്ത് സുരേഷ് കുമാർ കൊടിമരവും ഇടയ്ക്കാട് ചേനംകര സതീഷ് കുമാർ കൊടിയും നേർച്ചയായി നൽകി.ആലപ്പാട് പുതുമംഗലത്ത് പ്രഭാകരനും കുടുംബാംഗങ്ങൾക്കുമായിരുന്നു കൊടിയേറ്റാനുള്ള കയർ അവകാശം.

ദ്രാവിഡാചാരപ്രകാരമായിരുന്നു ചടങ്ങുകൾ.കൊടിയേറ്റിന് ശേഷം മേജർ സെറ്റ് കഥകളിയും നടന്നു.കൊടിയേറ്റിന്റെ ഭാഗമായി നടന്ന സൂര്യ പൊങ്കാലയിലും കൊടിയേറ്റ് സദ്യയിലും ആയിരങ്ങൾ പങ്കാളികളായി.വൈകിട്ട് വരെ സദ്യ നീണ്ടു.ഉത്സവത്തിന്റെ ഭാഗമായി മലനട ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലംകൃതമാണ്.മലക്കുട മഹോത്സവ ദിവസമായ 25ന് സ്വർണ്ണക്കൊടിദർശനം,ഭഗവതി എഴുന്നള്ളത്ത്,കച്ചകെട്ട് എന്നീ ചടങ്ങുകളും പനപ്പെട്ടി, കമ്പലടി, നടുവിലേമുറി,പളളിമുറി,
അമ്പലത്തുഭാഗം,വടക്കേമുറി എന്നീ കരകളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്നും വലിയ എടുപ്പ് കാളയും കൂടാതെ ചെറുതും വലുതുമായ നിരവധി കെട്ടുകാഴ്ചകളും വർണ്ണശബളമായ മലക്കുട മഹോത്സവത്തിന് ഭംഗിയേകും. തുടർന്ന് രാതി 8.30 ന് ചലച്ചിത്ര താരം ആശാ ശരത്ത് നയിക്കുന നൃത്യനൃത്തങ്ങളോടെ മലക്കുട മഹോത്സവം സമാപിക്കും.