മാനം തൊട്ട് മനം നിറച്ച് മലനട കെട്ടുകാഴ്ച്ച

ശാസ്താംകോട്ട : സായന്തന സൂര്യന് ചന്തം ചാർത്തി മലനടയിൽ നടന്ന മലക്കുട കെട്ടുകാഴ്ച്ച ആയിരങ്ങൾക്ക് ദർശനപുണ്യമേകി.വെൺകുളം ഏലായിൽ അണിനിരന്ന കെട്ടുകാഴ്ചകൾ ഓരോന്നായി മലനടക്കുന്ന് കയറിയപ്പോൾ
ജനം ആവേശതിമിർപ്പിലായി.ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച്ചയാണ് ആവേശം വിതറിയത്.

ചെറുതും വലുതുമായ നൂറുകണക്കിന് കെട്ടുരുപ്പടികൾ കെട്ടുകാഴ്ചയെ വർണാഭമാക്കി.വൈകിട്ട് 3 ഓടെ ചെറുതും വലുതുമായ കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തുള്ള വെൺകുളം ഏലായിലെ മുരവു കണ്ടത്തിൽ  അണിനിരന്നു.പനപ്പെട്ടി,കമ്പലടി, പള്ളിമുറി,നടുവിലേമുറി,വടക്കേമുറി, അമ്പലത്തുംഭാഗം,ഇടയ്ക്കാട് തെക്ക്, ഇടയ്ക്കാട് വടക്ക് എന്നീ കരകളുടേതായി കൂറ്റൻ നെടുംകുതിരകളും ഇടയ്ക്കാട് കരയുടെതായി വലിയ എടുപ്പുകാളയും നിരവധി നേർച്ച കെട്ടുരുപ്പടികളും മലക്കുടയ്ക്ക് വർണക്കാഴ്ച്ചയൊരുക്കി.

ദ്രാവിഡാചാരപ്രകാരം
അപ്പൂപ്പന്റെ പ്രതിപുരുഷനായ ഊരാളി കൃഷ്ണനും സഹ ഊരാളി രാഘവനും പട്ടും തൊപ്പിയും ധരിച്ച് ഓലക്കുടയുമേന്തി മലയിറങ്ങി വന്ന് അനുഗ്രഹം ചൊരിഞ്ഞതോടെ
കെട്ടുകാഴ്ചകൾ ഓരോന്നായി മലനടക്കുന്നു കയറി.മെയ്ക്കരുത്തിൽ കെട്ടുരുപ്പടികൾ തോളിലേറ്റി ചെങ്കുത്തായ മലനടക്കുന്നു കയറുന്നത് ആവേശകരമായ കാഴ്ചയാണ് ഭക്തർക്ക് സമ്മാനിച്ചത്.മാനം തൊട്ട് മനം നിറച്ച് കാത്തുനിന്ന ഭക്തസഹസ്രങ്ങളുടെ കണ്ണിലും മനസ്സിലും ആനന്ദം പടർത്തി കെട്ടുരുപ്പടികൾ ഓരോന്നായി ക്ഷേത്രം വലം വച്ചു.

ആർപ്പുവിളികളും കരഘോഷങ്ങളും നാമജപവും ചെണ്ടമേളത്തിന്റെ താളത്തിൽ ചുവടുവയ്ക്കുന്ന ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന സംഘവും കെട്ടുകാഴ്ചയ്ക്ക് മാറ്റുകൂട്ടി.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് ഭക്തർ ഒഴുകിയെത്തിയതോടെ മലനടക്കുന്നുകൾ ഭക്തിയുടെയും ആവേശത്തിന്റെയും അലകടലായി മാറി.മലമുകളിലെ ദൈവത്തെ മനം കുളിർക്കെകണ്ട് മലക്കുട കെട്ടുകാഴ്ച മനം കുളിർക്കെ ആസ്വദിച്ചാണ് ഭക്തസഹസ്രങ്ങൾ മലനട കുന്നിറങ്ങിയത്.

Advertisement