പ്രതിനായകനെ ആരാധിക്കുന്ന പോരുവഴി പെരുവിരുത്തി മലനട

പി.എസ്. ഗോപകുമാർ

ആരാധനയ്ക്കായി മുപ്പത്തിമുക്കോടി വ്യത്യസ്ത ദൈവസങ്കല്പങ്ങള്‍ക്ക് ഉടമകളാണ് ഹൈന്ദവര്‍. ദേവന്‍മാര്‍ക്കൊപ്പം പക്ഷികളെയും മൃഗങ്ങളെയും ഉരഗങ്ങളെയും മരങ്ങളെയും ദൈവസങ്കല്‍പ്പത്തില്‍ ആരാധിച്ച് പോരുന്നു.

പ്രപഞ്ചത്തിലുള്ള സകലചരാചരങ്ങളിലും ആത്മാംശം ദര്‍ശിക്കുന്നവര്‍ക്ക് ഇതിലൊക്കെ എന്താണ് പുതുമയെന്ന് തോന്നിയേക്കാം. എന്നിരുന്നാലും മഹാഭാരതത്തിലെ പ്രതിനായകനായ ദുര്യോധന മഹാരാജാവ് ആരാധനാമൂര്‍ത്തിയായ ഒരു ക്ഷേത്രം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആകാംക്ഷ കൊണ്ട് ചിലരുടെയെങ്കിലും നയനങ്ങള്‍ വിടര്‍ന്നേക്കാം. പോരുവഴിയുടെ ദേശദേവനായ മലയപ്പൂപ്പന്‍ കുടികൊള്ളുന്ന പെരുവിരുത്തി മലനട, ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ്. ദുര്യോധനന്‍ ആരാധനാമൂര്‍ത്തിയായ നിരവധി ക്ഷേത്രങ്ങള്‍ ഉത്തരഭാരതത്തില്‍ എമ്പാടും കാണാമെന്നൊന്നും കരുതേണ്ടതില്ല. ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഓസ്‌ള ഗ്രാമത്തിലുള്ള ഹര്‍ -കി -ഡൂണ്‍ താഴ് വരയിലാണ് മറ്റൊരു ദുര്യോധന ക്ഷേത്രമുള്ളത്.

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിലെ അതിര്‍ത്തി ഗ്രാമാണ് ഇടയ്ക്കാട്. പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പോരുവഴി വില്ലേജിന്റെ വടക്ക്-കിഴക്കന്‍ ഗ്രാമപ്രദേശം. തെക്കും പടിഞ്ഞാറും ഹരിത ഭംഗി കളിയാടുന്ന വിശാലമായ വയലേലകള്‍ക്കും വടക്കും കിഴക്കും സമ്പുഷ്ടമായ കൃഷിയിടങ്ങള്‍ക്കും നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മലനടക്കുന്നിലാണ് ഭക്ത സഹസ്രങ്ങള്‍ക്ക് അഭയമരുളി മലയപ്പൂപ്പന്‍ വാണരുളുന്നത്. സാധാരണ ക്ഷേത്ര സങ്കല്‍പ്പവുമായി ഇവിടെ എത്തുന്നവര്‍ നിശ്ചയമായും അത്ഭുതപ്പെടുക തന്നെ ചെയ്യും. കാരണം സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന ശ്രീകോവിലോ പ്രതിഷ്ഠയോ ചുറ്റമ്പലമോ ഉപദേവതകളോ ഒന്നും ഇവിടെയില്ല. ആല്‍ത്തറ എന്ന് വിളിക്കുന്ന ഒരു കല്‍മണ്ഡപത്തെ ആരാധനാമൂര്‍ത്തിയായി സങ്കല്‍പ്പിച്ച് ആരാധന നടത്തുകയാണ് ഇവിടെ. മഹാഭാരതത്തിലെ കൗരവ മൂപ്പനായ ദുര്യോധന മഹാരാജാവാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. ഭൂമിക്ക് കരം പിരിവ് തുടങ്ങിയ കാലം മുതല്‍ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനന്‍ എന്ന പേരില്‍ കരം ഒടുക്കി പോരുന്നു എന്ന സവിശേഷതയുമുണ്ട്. ശ്രീകോവിലില്ലാത്ത മലനടയില്‍ ഭക്തര്‍ക്ക് ഏത് സമയത്തും ദര്‍ശനം നടത്താനാകും. ദേശാന്തരങ്ങളില്‍ നിന്ന് പോലും എണ്ണമറ്റ ഭക്തരാണ് വിവിധ സങ്കട നിവാരണങ്ങള്‍ക്കായി നിത്യവും ഇവിടെ വന്ന് പോകുന്നത്. ദ്രാവിഡാചാര പ്രകാരമുള്ള ആരാധനാ രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഊരാളി എന്ന് വിളിക്കുന്ന പൂജാരിയാണ് പൂജചെയ്യുന്നത്. വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയാണ് പ്രധാനം. കുറവ സമുദായത്തില്‍ പെട്ട കടുത്താശേരി കുടുംബാംഗമായിരിക്കും ഊരാളി. മലനടയിലെ മലക്കുട ദിവസം ഊരാളി കയ്യിലേന്തുന്ന കുടയും ചൂരല്‍വടിയും മലനാഥനായ ഊരാളിയുടെ അധികാര ചിഹ്നം കൂടിയാണ്. കാര്‍ഷിക സംസ്‌കൃതിയുടെ ശേഷിപ്പുകളായ കള്ള്, വെറ്റില, അടയ്ക്ക, കോഴി, കാള, ആട് മുതലായവ ആണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. മലപൂജ പ്രധാന പൂജയും.

ഐതിഹ്യം

യുധിഷ്ഠിരനും ദുര്യോധനന് വേണ്ടി ശകുനിയും തമ്മില്‍ നടന്ന ചൂതുകളി ആയിരുന്നല്ലോ മഹാഭാരത യുദ്ധത്തിലേക്ക് നയിച്ചത്. പരാജയപ്പെടുന്നവര്‍ക്ക പന്ത്രണ്ട് വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവുമായിരുന്നു കളിയുടെവ്യവസ്ഥ. അജ്ഞാതവാസക്കാലത്ത് വെളിവാക്കപ്പെട്ടാല്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും അനുഷ്ഠിക്കണമായിരുന്നു. ഇപ്രകാരം പരാജിതരായ പാണ്ഡവര്‍ പന്ത്രണ്ട് വര്‍ഷം വനവാസം പൂര്‍ത്തിയാക്കുകയും ഒരു വര്‍ഷത്തെ അജ്ഞാതവാസത്തിന് വേഷപ്രച്ഛന്നരായി വിരാട രാജ്യത്തേക്ക് നീങ്ങുകയും ചെയ്തു. കങ്കന്‍ എന്ന സേവകനായി യുധിഷ്ഠിരനും അരിവയ്പുകാരനായ വലല ബ്രാഹ്മണനായി ഭീമസേനനും ഉര്‍വശീ ശാപം ഉപകാരമായി ബൃഹന്ദളയായി അര്‍ജുനനും ഗ്രന്ഥികനെന്ന കുതിരക്കാരനായി നകുലനും നന്ദിപാലകന്‍ എന്ന പശുപാലകനായി സഹദേവനും സൈരന്ധ്രിയായി പാഞ്ചാലിയും വേഷപ്പകര്‍ച്ച നടത്തി ആയിരുന്നു സഞ്ചാരം. അജ്ഞാതവാസക്കാലത്ത് പാണ്ഡവരെ കണ്ടെത്തുകയെന്ന ദൗത്യവുമായി ദുര്യോധനാദികളും അന്വേഷിച്ചിറങ്ങി. യാത്രാമധ്യേ ദാഹവും ക്ഷീണവും തളര്‍ത്തിയ ദുര്യോധനാദികള്‍ മലനടക്കുന്നിലെത്തപ്പെട്ടു. കുന്നിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കടുത്താശേരി കൊട്ടാരത്തിലെത്തിയ ദുര്യോധനന് ഒരു സ്ത്രീ ഒരു കുടം ചെത്തുകള്ളാണ് ദാഹശമനത്തിന് നല്‍കിയത്.തുടര്‍ന്ന് ആ പ്രദേശത്തെ ശൈവ ചൈതന്യം തിരിച്ചറിഞ്ഞ ദുര്യോധനന്‍ ധ്യാനത്തില്‍ ഇരിക്കുകയായിരുന്നു. പ്രദേശവാസികളുടെ അനുവാദത്തോടെ ഭാരതയുദ്ധത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ദുര്യോധനന്‍ മീനമാസത്തിലെ രണട്ാം വെള്ളിയാഴ്ച വിജയശ്രീലാളിതനായി മടങ്ങിയെത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തന്നെ സ്വീകരിക്കാനായി മീനമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുതല്‍ സകലവിധ ഒരുക്കങ്ങളുമായി കാത്തിരിക്കണമെന്നും രണ്ടാം വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ മടങ്ങിയെത്തിയില്ലെങ്കില്‍ മരിച്ചതായി കരുതി ഉദകക്രിയകള്‍ ചെയ്യണമെന്നും കല്പിച്ചായിരുന്നുകൗരവ മൂപ്പന്റെ യാത്ര. യുദ്ധത്തില്‍ വിജയിച്ച് വരുന്ന ദുര്യോധ മഹാരാജാവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് മലനടയിലെ കൊടിയേറ്റ് ദിവസമായ മീനമാസത്തിലെ ആധ്യ വെള്ളിയാഴ്ച മുതല്‍ പോരുവഴി ദേശക്കാര്‍ക്ക്. ഒടുവില്‍ രണ്ടാം വെള്ളിയാഴ്ച അര്‍ദ്ധരാത്രി വായ്ക്കരി പൂജ നടത്തി ദുര്യോധനനോടുള്ള കൂറ് പ്രകടിപ്പിക്കുകയാണ് ദേശവാസികള്‍.
മീനമാസത്തിലെ ആദ്യ വെള്ളി കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം. മൂന്നാം വെള്ളിയാഴ്ചയാണ് കൊടിയിറക്ക്. പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലേമുറി, വടക്കേ മുറി, അമ്പലത്തുംഭാഗം, ഇടയ്ക്കാട് എന്നീ ഏഴ് കരക്കാരാണ് മലനടയുടെ അവകാശികള്‍.

മധ്യതിരുവിതാംകൂറിലെ പ്രധാന കെട്ടുകാഴ്ച

മലക്കുട മഹോത്സവത്തിനോട് അനുബന്ധിച്ച് മലനടയിലെ കെട്ടുകാഴ്ച വളരെ പ്രസിദ്ധമാണ്. പനപ്പെട്ടി, കമ്പലടി, പള്ളീമുറി, നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ ആറ് കരക്കാരുടെ വലിയ എടുപ്പ് കുതിരകളും(നെടുകുതിര) ഇടയ്ക്കാട് കരയുടെ വലിയ എടുപ്പ് കാളകളും (മുഴുക്കാളി)ഉള്‍പ്പെടെ നൂറ് കണക്കിന് ചെറുതും വലുതുമായ കെട്ടുരുപ്പടികള്‍ അണിനിരക്കുന്ന കെട്ടുകാഴ്ച മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണ്. അംബരചുംബികളായ നെടുംകുതിരകളും എടുപ്പ് കാളകളും അസ്തമയ സൂര്യന്റെ പൊന്‍കതിരുകളെ വകഞ്ഞ് മാറ്റി മലനടക്കുന്ന് കയറുമ്പോള്‍ ഭക്ത ലക്ഷങ്ങളുടെ മനസും ആവേശത്തിന്റെ കൊടുമുടി കയറും. കരവിരുതിന്റെ മാരിവില്‍ ശോഭയില്‍ കെട്ടിയൊരുക്കിയ കെട്ടുരുപ്പടികള്‍ ആദ്യം മുരവ് കണ്ടത്തിലും പിന്നീട് മലയപ്പൂപ്പനെ വലം വച്ച ശേഷം പന്തിയിലേക്കും മെയ്ക്കരുത്തിന്റെ തോളിലേറി ആര്‍പ്പ് വിളികളോടെ നീങ്ങുമ്പോള്‍ മണ്ണും വിണ്ണും മനുഷ്യനും ഒന്നായി തീരുന്ന അസുലഭ മുഹൂര്‍ത്തമാണ് സൃഷ്ടിക്കപ്പെടുക.


ഐതിഹ്യത്തിന് ബലമേകുന്ന അടയാളങ്ങള്‍

പോരുവഴിയിലെ ദുര്യോധന സാന്നിധ്യത്തിന് ബലമേകുന്ന ചില അടയാളങ്ങള്‍ ഇന്നും ചുറ്റുവട്ടത്ത് കാണാവുന്നതാണ്. പോരുവഴിയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ കല്ലടയാറിനോട് ചേര്‍ന്ന് കിടക്കുന്ന കുന്നത്തൂര്‍ താലൂക്കിന്റെ അതിര്‍ത്തി ഗ്രാമമാണ് ഐവര്‍കാല. ഐവര്‍ എന്നാല്‍ അഞ്ചുപേര്‍. അത് പാണ്ഡവരാണെന്ന് കരുതുന്നു. പാണ്ഡവരുടെ സാന്നിധ്യത്തിന് തെളിവായി വേറെയും ചിലതുണ്ട് ഇവിടെ.
കല്ലടയാറിന്റെ വേലന്‍മൂഴി കടവിന്റെ ഭാഗത്ത് തെരളി ഉണ്ടാക്കുന്നതിനിടെയാണ് പാണ്ഡവര്‍ കൗരവരാദികളുടെ സാന്നിധ്യം സംബന്ധിച്ച സന്ദേശം ദൂതന്‍മാരില്‍ നിന്ന് അറിയുന്നത്. അരിപ്പൊടിയും ശര്‍ക്കരയും പഴവും തേങ്ങാക്കൊത്തും കുഴച്ചെടുത്ത് വയണയിലയില്‍ പൊതിഞ്ഞ് ആവിയില്‍ പുഴുങ്ങിയെടുക്കുന്ന പലഹാരമാണ് തെരളി.
രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സാന്നിധ്യത്തിന്റെ തെളിവ് നശിപ്പിക്കാനായി തെരളിക്കുള്ള മിശ്രിതം മണ്ണില്‍ ഉപേക്ഷിക്കുകയും വാര്‍പ്പ് പുഴയില്‍ എറിയുകയും ചെയ്ത ശേഷം കടന്ന് കളഞ്ഞത്രേ. മണ്ണില്‍ ഉപേക്ഷിച്ച തെരളിക്കഷ്ണങ്ങള്‍ പോലുള്ള കല്ലുകള്‍ അമ്പുവിള ഭാഗത്തെ പുരയിടത്തില്‍ ഇന്നും കാണാവുന്നതാണ്. കമിഴ്ന്ന് കിടക്കുന്ന വാര്‍പ്പിന്റെ ആകൃതിയിലുള്ള ഒരു പാറ വേലന്‍മൂഴി കടവിലും കാണാം. അമ്പുവിള പാണ്ഡവര്‍ അമ്പും വില്ലും സൂക്ഷിച്ച സ്ഥലമാണെന്നും വിശ്വസിക്കുന്നു.


കല്ലടയാറിന്റെ തീരത്തുള്ള ഐവര്‍കാലഗ്രാമത്തിന് എതിര്‍വശത്തുള്ള പ്രദേശമാണ് ആറ്റുവാശേരി. കൊട്ടാരക്കര താലൂക്കിലെ കുളക്കടപഞ്ചായത്തിലാണ് ഈ ആറ്റുതീരത്തുള്ള ഗ്രാമം. ആറ്റുവാശേരി-നൂറ്റുവാശേരി ആയിരുന്നെന്നും നൂറുപേര്‍ കൗരവരാണെന്നും കരുതുന്നു. കര്‍ണന്‍ ആരാധനാമൂര്‍ത്തിയായുള്ള കുന്നത്തൂര്‍ തോട്ടത്തുംമുറി കല്ലുമണ്‍ മലനട, ശകുനിയെ ആരാധിക്കുന്ന പുത്തൂര്‍ പവിത്രേശ്വരം മായന്‍കോട് മലനട, കൗരവ സഹോദരിയായ ദുശ്ശള ആരാധനമൂര്‍ത്തിയായിട്ടുള്ള ശൂരനാട് വടക്ക് കുന്നീരാടത്ത് ക്ഷേത്രം, എന്നിവയും ഐതിഹ്യത്തിന് ബലം പകരുന്നു. മാറാഞ്ചിറ പറയും ഞാങ്കടവ് ആയി മാറിയ ഞാന്‍(ഭീമന്‍)കടന്ന കടവും കുരു-പാണ്ഡവ സാന്നിധ്യം ഉറപ്പിക്കുന്നു.

Advertisement