കരുനാഗപ്പള്ളി: പുനലൂരിൽ 26 കിലോ കഞ്ചാവ് വാഹനത്തിൽ കടത്തിയ കേസിൽ പ്രതിയായതിനെ തുടർന്ന് കേരള പോലീസിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഡ്രൈവർ എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായി. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറാണ് പിടിയിലായത്.
ഒക്ടോബർ ഒമ്പതിന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവും കൊല്ലം എക്സൈസ് സ്ക്വാഡ് പിടിച്ചെടുത്തു.
പോലീസിൽനിന്ന് പുറത്തായശേഷവും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതായി എക്സൈസ് അറിയിച്ചു. അടുത്തിടെ സ്വന്തം നാട്ടിൽ കേന്ദ്രീകരിച്ച് ലഹരിവ്യാപാരം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.
എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്ക് കരുനാഗപ്പള്ളി സി.ഐ. ഷാജി നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ ജ്യോതി, സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി., സുനിൽ ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, അനന്തു എസ്., ജയകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



























