മൈനാഗപ്പള്ളി.സെൻസസ് 2027 ൻ്റെ ആദ്യ ഘട്ട പ്രവർത്തനമായ ഹൗസ് ലിസ്റ്റിംഗ് നടക്കുന്നതിൻ്റെ ഭാഗമായി വീടുകൾക്ക് മുന്നിൽ ബിൽഡിംഗ് നമ്പർ എഴുതിയെന്ന പേരിൽ മൈനാഗപ്പള്ളി വില്ലേജിലെ എന്യൂമെറേറ്ററായ കിഴക്കേ തേവലക്കര ജിയുപിഎസിലെ അധ്യാപികയെ സ്കൂളിലെത്തി അപമാനിക്കാൻ ശ്രമിച്ചതായാണ് പരാതി.
ചാർജ് സെൻസസ് ഓഫീസറായ തഹസിൽദാർക്കും ശാസ്താംകോട്ട SHO യ്ക്കും പരാതി നൽകിയിട്ടുണ്ട്. സെൻസസ് ആക്ട്, 1948-ലെ സെക്ഷൻ 9, സെക്ഷൻ 11 എന്നിവ അനുസരിച്ച് സെൻസസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകളുടെ ഭാഗമായി വീടുകളിലോ മറ്റ് കെട്ടിടങ്ങളിലോ പ്രവേശിക്കാനും, സെൻസസ് ആവശ്യങ്ങൾക്കായി അനുയോജ്യമായ അക്ഷരങ്ങളോ അടയാളങ്ങളോ നമ്പറുകളോ പതിപ്പിക്കാനോ എഴുതാനോ (affixing of numbers) ഉള്ള അവകാശമുണ്ട്. കെട്ടിടം ഉപയോഗിക്കുന്ന വ്യക്തികൾ ഇത്തരം കാര്യങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുവദിക്കാൻ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാത്ത പക്ഷം സെൻസസ് നിയമപ്രകാരം തടവും പിഴയും ലഭിക്കാവുന്നതാണ്. മൈനാഗപ്പള്ളി വില്ലേജിൽ മണ്ണൂർക്കാവ് ഭാഗത്തെ ഒരു വീട്ടുടമയാണ് നിയമപ്രകാരം കെട്ടിട നമ്പർ എഴുതിയെന്ന കാരണം പറഞ്ഞ് സ്കൂളിലെത്തി വിദ്യാർത്ഥികൾ ഉള്ള സമയത്ത് എന്യൂമറേറ്ററെ അപമാനിക്കാൻ ശ്രമിച്ചത്.
ഈ സമയം എന്യൂമെറേറ്റർ സ്കൂളിൽ ഉണ്ടായിരുന്നില്ല. തൻ്റെ വീട്ടിലെത്തിയ എന്യൂമറേറ്റർ ആണെന്ന് ധരിച്ച് മറ്റൊരു ടീച്ചറോടാണ് ഇയാൾ അപമര്യാദയായി പെരുമാറുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും വിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് തെറിവാക്കുകൾ വിളിക്കുകയും ചെയ്തത്


































