Home News Local പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

പുനലൂര്‍: ഏറെ വിവാദമായ പുനലൂര്‍ മുക്കടവ് ആളുകേറാമല കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പുനലൂര്‍ പത്തനാപുരം പാതയോരത്തെ ചെങ്കുത്തായ ആളുകേറാമലയുടെ മുകളില്‍ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് കൊലപാതകം ആണെന്ന് കണ്ടെത്തുകയും പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തിരുന്നു.
2025 സെപ്റ്റംബര്‍ 23നാണ് മുക്കടവ് ആളുകേറാമലയില്‍ റബ്ബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ചതും, ഏറ്റവും മൃഗീയവുമായ കൊലപാതകം എന്നാണ് പോലീസ് തന്നെ വിശേഷിപ്പിച്ചത് .
പുനലൂര്‍-പത്തനാപുരം പാതയില്‍ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ ആളുകേറ മലയുടെ മുകളില്‍ റബര്‍ മരത്തില്‍ കൈയും കാലും ചങ്ങലയില്‍ പൂട്ടി മുഖം ഉള്‍പ്പെടെ കത്തിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. ഡോഗ്‌സ്‌കോഡും വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ 45നും 50നും ഇടയ്ക്ക് വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹം ആണെന്നും നെഞ്ചില്‍ ആഴത്തില്‍ ഏറ്റ മുറിവാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ ശേഖരിക്കുന്ന ഒരാളുടെ ചിത്രം ലഭിക്കുകയും ഇത് കൊലപാതകവുമായി ബന്ധമുള്ള ആളാണെന്ന് മനസ്സിലാക്കി രേഖാചിത്രം ഉള്‍പ്പെടെ പുറത്തുവിട്ട് പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തിരുന്നു. ആലപ്പുഴ താമരക്കുളം ചേറ്റാരിക്കല്‍ ക്ഷേത്രത്തിന് സമീപം വേടരി പ്ലാവില്‍ 46 വയസ്സുള്ള പാപ്പര്‍ എന്ന് വിളിക്കുന്ന അനിക്കുട്ടന്‍ ആണ് പ്രതി എന്ന് ഉറപ്പിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വളരെ വിചിത്രമായ ഒരു കണ്ടെത്തല്‍ പോലീസ് നടത്തുന്നത്. പ്രതി എന്ന് സംശയിച്ച അനികുട്ടന്റെ മൃതദേഹമാണ് ആണ് ആളു കേറാമലയില്‍ കണ്ടെത്തിയത് എന്നാണ് പിന്നീട് പോലീസ് നല്‍കിയ വിശദീകരണം.
എന്നാല്‍ ആളുകേറാമലയില്‍ കണ്ട മൃതശരീരത്തിന്റെ ഇടതുകാല്‍ ശോഷിച്ച് വൈകല്യമുള്ളതായിരുന്നു. എന്നാല്‍ പ്രതിയുടെതെന്ന് സംശയിച്ച് പോലീസ് പുറത്തുവിടുകയും പിന്നീട് പ്രതിയെന്ന സംശയിച്ച ആളുടെ മൃതശരീരമാണ് കണ്ടെത്തിയത് എന്ന് പോലീസ് പറയുയും ചെയ്ത ഫോട്ടോയിലെയും മൃതശരീരത്തിലെയും കാലുകളുടെ വൈരുദ്ധ്യം ഏറെ ചര്‍ച്ചയാവുകയും സംശയത്തിന് ഇട നല്‍കുകയും ചെയ്തിരുന്നു.
പോലീസ് പ്രതിയെന്നു സംശയിച്ച ആളുടെ മൃതശരീരം ആണ് കണ്ടതെങ്കില്‍ അദ്ദേഹത്തെ കൊന്നത് ആര് എന്ന ചോദ്യം പ്രദേശവാസികള്‍ ഉന്നയിച്ചു. ഒരു ഘട്ടത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വരെ പ്രദേശവാസികള്‍ സംശയിച്ചു. നാട്ടുകാരും പൊതുപ്രവര്‍ത്തകരും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതായുള്ള അറിയിപ്പ് വരുന്നത്.