ശൂരനാട്. അടിച്ചു മോനേ ആനയടിയിൽ, കേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബംബർ 12 കോടിയുടെ ടിക്കറ്റ് എത്തിയത് ആനയടിയിൽ. ആനയടി വയലിക്കോളനിയിൽ
വിനോദ് ഭവനത്തിൽ പൊന്നനാണ് ആ കോടീശ്വരൻ. മണപ്പള്ളിയിലെ ഏജൻസി വിറ്റ VB135452 ടിക്കറ്റ് ആണ് ഭാഗ്യം കൊണ്ടു വന്നത് .
76 വയസ്സുള്ള പൊന്നന് ഭാര്യ രാധാമണിയമ്മയും ഏക മകൻ വിനോദ് കുമാറും ആണ് വീട്ടിലുള്ളത്. മകൻ വിനോദ് കുമാറിനും ഭാര്യ രാധാമണി അമ്മയ്ക്കും ലോട്ടറി വിൽപ്പനയാണ് ജോലി. മകൻ വിനോദ് കുമാർ മണപ്പള്ളിയിലെ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത് നടന്നു കച്ചവടം ചെയ്യുന്ന ആളാണ്. ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാറില്ല. ഭാര്യ രാധാമണിയമ്മ ടിക്കറ്റുകൾ കൊണ്ടുനടന്ന് വിൽപ്പന ആയിരുന്നെങ്കിലും ഇപ്പോൾ നടക്കാൻ അസൗകര്യം ഉള്ളതുകൊണ്ട് ആനയടി വഞ്ചിമുക്കിൽ തട്ടുകട ഇട്ടിരിക്കുകയാണ്. എന്നാൽ ഭാഗ്യദേവത കനിഞ്ഞത് ഈ വഴി ഒന്നുമല്ല. മകൻ വിനോദ് കുമാർ പളനി ദർശനത്തിന് പോയ ദിവസം അച്ഛൻ പൊന്നൻ മണപ്പള്ളിയിലെ അമ്മ ഏജൻസിയിൽ വരികയും ഏജന്റന്മാർ വാങ്ങുന്ന ടിക്കറ്റ് അല്ലാത്തതുകൊണ്ട് കടയുടെ മുന്നിൽ ചില്ലറ വില്പനക്ക് ഇട്ടിരിക്കുന്ന ഒരു ടിക്കറ്റ് വാങ്ങി വയ്ക്കുകയും ചെയ്തു. അതിനാണ് ഇപ്പോൾ ബമ്പർ അടിച്ചിരിക്കുന്നത്. അതിനാൽ സമ്മാനത്തുകയുടെ നികുതി കഴിച്ചുള്ള തുക പൊന്നന് ലഭിക്കും
ഒരുപാട് കട ബാധ്യതകൾ ഉള്ള പൊന്നൻ കരുനാഗപ്പള്ളി മുതൽ ഓച്ചിറ വരെയുള്ള 9 കിലോമീറ്റർ ദൂരം നടന്നാണ് ടിക്കറ്റു വിൽക്കുന്നത്. ഇനി ആ ദുരിത ജീവിതം മറക്കാം.
. ഏതായാലും ദൈവാനുഗ്രഹത്താൽ കിട്ടിയ പണം ധൂർത്തടിക്കാതെ നല്ല രീതിയിൽ ജീവിക്കാനാണ് പൊന്നൻ്റെയും കുടുംബത്തിന്റെയും തീരുമാനം.
































