Home News Local ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടി

ഇടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടി

Advertisement

പ്രത്യേക ലേഖകന്‍

ടതുപക്ഷത്തിന്റെ മതിലിനുവെളിയില്‍ വളര്‍ന്ന പൂച്ചെടിയാണ് കോവൂര്‍ കുഞ്ഞുമോന്‍. വീട്ടുടമ തന്നെ വെള്ളവും വളവും സംരക്ഷണവും നല്‍കും. മതിലിനുവെളിയിലാണെന്നുമാത്രം. എന്നാലോ ആരെങ്കിലും നശിപ്പിക്കാന്‍ വന്നാല്‍ ഉടമ ചൂടാകും.


കുഞ്ഞുമോനെ അങ്ങനെ പിഴുതുകളയാനാവില്ല ആര്‍ക്കും ഇക്കാലത്തിനിടെ മതിലില്‍ വേരുകള്‍ആഴ്ത്തി
അതില്‍ പുറത്തേക്കു പൂത്തുല്ലസിച്ചു നില്‍ക്കുന്ന കുഞ്ഞുമോന് ഒരു പരിഭവവുമില്ല താനും. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ് ആര്‍എസ്പി യുഡിഎഫിനൊപ്പം പോകുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല കോവൂര്‍ കുഞ്ഞുമോന്‍ സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കുമെന്നും ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും. എന്നാല്‍ കുഞ്ഞുമോന്‍ ഇടതുപക്ഷത്തുനിന്ന് മാനം കാത്തതിനാല്‍ മിക്കവാറും മന്ത്രിയാകുമെന്നും അല്ലെങ്കില്‍ ഡെപ്യൂട്ടി സ്പീക്കറെങ്കിലുമാകുമെന്നും പലരും പ്രതീക്ഷിച്ചു.

മുതുപിലാക്കാട് സെന്റ് മേരിസ് കാഷ്യു ഫാക്ടറിയിൽ കശുവണ്ടി തൊഴിലാളികൾ കുഞ്ഞുമോനെ സ്വീകരിച്ചപ്പോൾ

എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഈ പിണക്കം മൂലം കുഞ്ഞുമോന്‍ ഇടതു മമത ഉപേക്ഷിക്കുമെന്ന കരുതിയവര്‍ക്ക് തെറ്റി. കുഞ്ഞുമോന്‍ അത് മറ്റൊരു നേട്ടമാക്കിമാറ്റി. ഇക്കാരണത്താല്‍ ഇടതുനേതാക്കള്‍ ഒരുവിധ അലട്ടലുമായും കുഞ്ഞുമോനെ സമീപിച്ചില്ല. ആരോടും മറുപടി പറയേണ്ട.

പുതിയ പാര്‍ട്ടി എന്നതിനാല്‍ ചട്ടക്കൂടുണ്ടാക്കാനും ശക്തി വര്‍ദ്ധിപ്പിക്കാനും കുഞ്ഞുമോനോടു ചേര്‍ന്നവര്‍ക്കുമുണ്ടായില്ല ഗുണം. അവര്‍ പലതും പ്രതീക്ഷിച്ചു. ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍, അംഗം, പി എസ് സി അംഗം ആ പ്രതീക്ഷയെല്ലാം അസ്ഥാനത്തായി. കുഞ്ഞുമോന്‍ ആരെയും കേട്ടില്ല. എന്നാല്‍ കുന്നത്തൂരിലെ എല്ലാ കാര്യങ്ങളിലും തന്നാലാവും വിധം ഇടപെട്ടുപോന്നു. കല്യാണങ്ങള്‍ മരണങ്ങള്‍ ഉല്‍സവാഘോഷങ്ങള്‍ പള്ളിപ്പെരുനാളുകള്‍ എല്ലാം കുഞ്ഞുമോന്‍ സാന്നിധ്യം ഉറപ്പാക്കി.


കുഞ്ഞുമോനെപ്പോലെതന്നെയാണ് കുന്നത്തൂരിലെ ജനങ്ങളും എന്നതാണ് ഇടതുമുന്നണിയുടെ സന്തോഷം, അമിത മോഹങ്ങളില്ല. എന്തെങ്കിലും തന്നേ തീരൂ എന്നമട്ടില്‍ ഒച്ചയുണ്ടാക്കിയത് ഭരണിക്കാവിലെ ബസ് സ്‌റ്റോപ്പ് പുനസ്ഥാപനവും കുന്നത്തൂരിലെ സീറ്റുംമാത്രം. ഇത്ര ലളിത മനസ്‌കനായ ഒരു എംഎല്‍എയുടെ സീറ്റു പിടിച്ചുവാങ്ങി സ്വന്തമാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കാത്തതുതന്നെ അദ്ദേഹത്തിന്റെ ഉദാരമനസ്ഥിതി വെളിപ്പെടുത്തുന്നു.


തടാകം കാമുകിയായിത്തന്നെ തുടരുകയാണ്. പുതിയ ഒരു പദ്ധതിയും വന്നില്ല സ്ഥാപനങ്ങളും, കുന്നത്തൂരിനോട് പാലങ്ങള്‍ക്കും അയിത്തമാണ് ഇക്കരെ തൊട്ടില്ല. താലൂക്കാശുപത്രി പണി തീര്‍ക്കാത്തത്ിന് എംഎല്‍എ എന്തുപിഴച്ചു. റോഡുകള്‍ വന്നത് കേരളത്തിലെല്ലായിടത്തെയും പോലെ എന്നു പറയുന്നവര്‍ ഗണേശന്റെയും മുകേഷിന്റെയും മണ്ഡലത്തില്‍ തകര്‍ന്നു കിടക്കുന്ന നഗര റോഡുകള്‍ ഉണ്ട് എന്നറിയുക.

പരമാവധി ആളെതിരിച്ചറിയുക, തോളില്‍ തട്ടുക എന്തു പരിഭവവും പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസുകാണിക്കുക അത്രയും മതി കുന്നത്തൂരിനെങ്കില്‍ കുഞ്ഞുമോന്‍. ടോര്‍ച്ച് മിന്നിച്ചു വരുന്നുണ്ട്. വലിയ ഇരുട്ടില്‍ ഗ്രൂപ്പ്ുപോരുള്ള കോണ്‍ഗ്രസുകാര്‍ പോലും ഇയാംപാറ്റകളെപ്പോലെ ഈ വെട്ടം തേടിയെത്തുമെന്ന് ആറാമൂഴം തേടുന്ന കുഞ്ഞുമോനറിയാം.

Advertisement