25.3 C
Kollam
Friday 16th October, 2026 | 01:11:23 AM
Home News Local അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ മാർച്ച്‌ 3 മുതൽ സ്റ്റോപ്പ്: കൊടിക്കുന്നിൽ സുരേഷ് എംപി

അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ മാർച്ച്‌ 3 മുതൽ സ്റ്റോപ്പ്: കൊടിക്കുന്നിൽ സുരേഷ് എംപി

കൊല്ലം. 16329/16330 നാഗർകോയിൽ ജങ്ഷൻ – മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ മാർച്ച് മൂന്നു മുതൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. യാത്രക്കാരുടെ ദീർഘകാല ആവശ്യവും താൻ റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേയോടും നടത്തിയ നിരന്തര ഇടപെടലുകളും പരിഗണിച്ചാണ് തീരുമാനം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

2026 മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനപ്രകാരം 16329 (NCJ–MAJN) ട്രെയിൻ ഉച്ചയ്ക്ക് 2.33ന് ശാസ്താംകോട്ടയിൽ എത്തി 2.34ന് പുറപ്പെടും. അതേസമയം 16330 (MAJN–NCJ) ട്രെയിൻ വൈകുന്നേരം 5.13ന് എത്തി 5.14ന് പുറപ്പെടും.

ശാസ്താംകോട്ടയും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായ തീരുമാനമാണിത്. വടക്കൻ കേരളത്തേക്കും കര്‍ണാടകയിലേക്കും യാത്ര ചെയ്യുന്നവർക്ക് ഇതിലൂടെ മികച്ച സൗകര്യം ലഭ്യമാകും.

യാത്രക്കാരുടെ പിന്തുണയും ഉപയോഗവും ഉറപ്പാക്കേണ്ടതുണ്ടെന്നും സ്റ്റോപ്പ് സ്ഥിരപ്പെടുത്തുന്നതിനായി തുടർ ഇടപെടലുകൾ നടത്തുമെന്നും എംപി അറിയിച്ചു