അധികാരത്തിന്റെ പിൻബലത്തിൽ അഹങ്കരിച്ചാൽ സമൂഹം സർവ്വനാശത്തിലേക്ക് കൂപ്പ് കുത്തുമെന്ന് ആര്‍എസ്എസ് നേതാവ് കെ വേണു

കൊല്ലം.അധികാരത്തിന്റെ പിൻബലത്തിൽ അഹങ്കരിച്ചാൽ സമൂഹം സർവ്വനാശത്തിലേക്ക് കൂപ്പ് കുത്തുമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു. ചുമതലയും അധികാരവും സേവനത്തിനുള്ള ഉപാധിയാക്കണമെന്നും അദേഹം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് നാൽപത്തി അഞ്ചാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം.
ഒരു വ്യക്തി ചുമതലയിൽ വന്നാൽ സംഘടനാ പ്രവർത്തനത്തിന്റെ ബാലപാഠം മുതൽ അഭ്യസിക്കണം. സ്ഥാനമാനങ്ങൾ നോക്കാതെ അനുഭവ സമ്പത്തുള്ളവരുടെ നിർദേശങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. അതിൽ വലിപ്പ ചെറുപ്പം നോക്കരുത്. നിസ്വാർത്ഥ സേവനം നടത്തി സഹപ്രവർത്തകരുടെ വിശ്വാസ്യത നേടിയെടുക്കണം. മുൻപന്തിയിൽ കയറി നേതാവ് ചമയാതെ പിന്നിൽ നിന്ന് നയിക്കുന്നവനാകണം കാര്യശേഷിയുള്ള കാര്യ കർത്താവ്. ഇതു വഴി ഉത്തമ സംഘാടകനായി സംഘടനാ പ്രവർത്തനത്തെ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവിന് വേണ്ട കാര്യശേഷികൾ ഒന്നൊന്നായി അക്കമിട്ട് നിരത്തി നടത്തിയ പ്രഭാഷണം ചടങ്ങിനെ ഹൃദ്യമാക്കി. എൻ ടി യു കൊല്ലം ജില്ലാ പ്രസിഡന്റ് പാറം കോട് ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാർ ഉൽഘാടനം ചെയ്തു. ആർ. ജയകൃഷ്ണൻ , ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ തല അംഗത്വ വിതരണവും ആർ.വേണു ചടങ്ങിൽ നിർവ്വഹിച്ചു.

Advertisement