നാടിന് ഉത്സവമായി കലാസാരഥി ഫെസ്റ്റിവൽ 2023സമാപിച്ചു

ശാസ്താംകോട്ട. മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന കലാസാരഥി ഫെസ്റ്റിവൽ 2023 പുതിയ അനുഭവമാണ് നൽകിയത്. നൂറുകണക്കിന് ആളുകളാണ് രണ്ടുദിവസം നീണ്ട ഫെസ്റ്റിവലിൽ പങ്കെടുത്തത്. കലാസാരഥിയിലെ കളരി വിദ്യാർഥികളുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ കൗതുകത്തോടെ നിരവധി ആളുകളാണ് എത്തിയത്. രണ്ടുദിവസം നീണ്ടുനിന്ന നൃത്ത സാഗരത്തിൽ വിവിധ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ അടക്കം എഴുപതോളം നർത്തകർ പങ്കെടുത്തു.പ്രമുഖ നർത്തകയായ കലാമണ്ഡലം കവിതാ ഷാജിയുടെ നേതൃത്വത്തിലുള്ള ഭോപ്പാൽ ശ്രീലയം നാട്യശ്രീ കലാസമിതിയുടെ നൃത്തശില്പം, കഥകളിയും നൃത്തവും സമുന്നയിപ്പിച്ച് കലാസാരഥി അണിയിച്ചൊരുക്കിയ ക്ലാസിക്കൽ ഫ്യൂഷൻ സ്റ്റേജ് ഷോ എന്നിവ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. വിവിധ വിഭാഗങ്ങൾ ഉള്ള കലാ-സാഹിത്യപ്രവർത്തകർ പങ്കെടുത്ത കലയരങ്ങ് , ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.കലാസാരഥിയിലെ രവിവർമ്മ ആർട്ട് വിഭാഗത്തിലെ കുട്ടികളുടെയും ചിത്രകാരനായ ആദർശ് ശ്രീലകത്തിന്റെയും ചിത്രങ്ങൾ കോർത്തിണക്കിയ ആർട്ട് ഗ്യാലറി,ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരുന്നു.
ഉദ്ഘാടന സമ്മേളനം കരുനാഗപ്പള്ളി എംഎൽഎ
സി.ആർ മഹേഷ് നിർവഹിച്ചു. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻ നായർ, കലാസാരഥി ഡയറക്ടർ കെ ഹരികുമാർ, ടി ആർ ശങ്കരപ്പിള്ള, മുതുപിലാക്കാട് രാജേന്ദ്രൻ, പുത്തമഠം സി.രാമചന്ദ്രൻ, ശ്രീ പാർത്ഥസാരഥി ക്ഷേത്രസഭാ പ്രസിഡണ്ട് ഗോകുലം സനൽ,ഡോക്ടർ അശ്വതി അരോമൽ, അജയൻ കൊട്ടയ്ക്കാട് എന്നിവർ പങ്കെടുത്തു.


സമാപന സമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . ചലച്ചിത്ര സീരിയൽ താരം മേഘാ മഹേഷ് മുഖ്യ അതിഥിയായിരുന്നു.കലാസാരഥി ഡയറക്ടർ കെ ഹരികുമാർ അധ്യക്ഷനായ ചടങ്ങിൽ കഥകളി നടനായ തോന്നക്കൽ പീതാംബരൻ, വാദ്യമേള കലാകാരനായ കൂറൂർ വാസുദേവൻ നമ്പൂതിരി, സംഗീതജ്ഞരായ മുതുപിലാക്കാട് സിസ്റ്റേഴ്സ്, നർത്തകയായ കൊട്ടാരക്കര സുഭദ്രാമ തങ്കച്ചി, ചിത്രകാരനായ ആദർശ് ശ്രീലകം എന്നിവർക്ക് കലാസാരഥി എൻഡോവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു. നാട്ടിലെ പ്രമുഖരായ ആളുകൾക്ക് ആദരവ് നൽകി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ,കലാസാരഥി പി.ടി.എ പ്രസിഡണ്ട് എം രാജ്മോഹൻ, ക്ഷേത്രസഭാ സെക്രട്ടറി ജി.രാജേന്ദ്രൻ മുതുപിലാക്കാട് രാജേന്ദ്രൻ, പിടിഎ ഭാരവാഹികളായ ജി. അജയൻ പിള്ള, കെ മോഹനൻ എന്നിവർ പങ്കെടുത്തു.

Advertisement