അടൂർ റസ്റ്റ് ഹൗസ് മർദ്ദന കേസിലെ പ്രതികളെ പിടിക്കാൻ കഴിയാതെ പോലീസ്

കൊല്ലം. ഏറെ സാഹസികമായി ഇറങ്ങിയിട്ടും അടൂർ റസ്റ്റ് ഹൗസ് മർദ്ദന കേസിലെ പ്രതികളെ പിടിക്കാൻ കഴിയാതെ പോലീസ്. ആൻറണി ദാസ് ലിയോ പ്ലാസിഡ്എന്നിവർക്കായി പോലീസ് അന്വേഷണം തുടരുന്നു.പ്രതികൾ കരിക്കുഴിയിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ അഷ്ടമുടിക്കായലിന്‍റെ ചേര്‍ന്ന മേഖലയിലെ ഭൂപ്രകൃതി പ്രതികള്‍ക്ക് ഒളിക്കാന്‍ പര്യാപ്തമാണ്

പ്രതികളായ അൻ്റണി ദാസും ലിയോ പ്ലാസിഡും

അക്രമം നടത്തി ഒളിവില്‍ കഴിയുന്നതിനിടെ കുണ്ടറയിൽ പോലീസിന് നേരെ വടിവാൾ വീശിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുകയാണ്. പ്രതികളായ അൻ്റണി ദാസും ലിയോ പ്ലാസിഡും കരിക്കുഴിയിൽ തന്നെയുണ്ടാകാമെന്നാണ് പോലീസ് നിഗമനം .കുറ്റകൃത്യങ്ങൾക്ക് ശേഷം കരിക്കുഴി, പടപ്പക്കര ഭാഗത്ത് തന്നെ തുടരുന്ന രീതിയാണ് പ്രതികൾക്ക് ഉള്ളത്.

പ്രദേശത്തിന്റെ ഭൂപ്രകൃതി പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിന് അനുകൂലമാകുന്നുണ്ട്. 10 കിലോമീറ്റർ ചുറ്റളവിലുള്ള തുരുത്തുകളും, ചെറുചരിവുകളിലും പോലീസ് എത്തിപ്പെടുക പ്രയാസകരമാണ്. പ്രദേശവാസികളുടെ സഹായവും പ്രതികൾക്ക് ലഭിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പിക്കുന്നു. പോലീസ് അടുത്ത് എത്തുമ്പോൾ പ്രതികൾ കായലിൽ ചാടുകയാണ് പതിവ്. കുണ്ടറപൊലീസ് പലപ്പോഴും ഭയം മൂലം അടുക്കില്ല എന്നത് ഈ അക്രമികള്‍ക്ക് ഗുണമാണ്. നിരവധി കൊടുംക്രിമിനലുകള്‍ക്ക് താവളമായ സ്ഥലമാണിതെന്ന് പൊലീസ് പറയുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാനാവില്ല എന്നതാണ് ഇവരുടെ നേട്ടം.

കുണ്ടറ പേരയം കരിക്കുഴി ആന്റണിദാസെന്ന കുട്ടൻ പോലീസിൻ്റെ സ്ഥിരം നോട്ടപ്പുള്ളി.കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇരുപത് കേസുകളിൽ പ്രതിയാണ് കുട്ടനെന്ന ആന്റണിദാസ് . കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഒൻപതിനാണ് ആൻ്റണിദാസ് പുറത്തിറങ്ങിയത്.
നിരവധിതവണ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞിട്ടുള്ളയാണ് ആൻറണി ദാസ്.
2016 ൽ അടിപിടികേസ് അന്വേഷിച്ചെത്തിയ കുണ്ടറ പൊലീസിനെ ആക്രമിച്ചു.2018 ൽ കഞ്ചാവ് കേസ്. 2019 ലും 2021ലും പൊലീസിനെ ആക്രമിച്ച കേസുണ്ട്. രണ്ടു വർഷം മുൻപ് വീടാക്രമിച്ച കേസിലും മുഖ്യപ്രതി. സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായും ആൻറണിയ്ക്ക് ബന്ധങ്ങളുണ്ട്.
കാപ്പ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊച്ചി ഇൻഫോപാർക് പൊലീസിന്റെ ക്രിമിനൽ പട്ടികയിലും ആൻറണി ദാസ് ഇടംപിടിച്ചത്.
ആന്റണി ദാസിന്റെ കൂട്ടാളിയാണ്  പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട
കരിക്കുഴി സ്വദേശി ലിയോ പ്ലാസിഡ്.
2022 ൽ കിഴക്കേകല്ലടയിലെ ബാറിൽ ആന്റണിദാസും, ലിയോ പ്ലാസിഡും ചേർന്ന് ആക്രമണം നടത്തി. പിടികൂടാൻ എത്തിയ കിഴക്കേകല്ലട പൊലീസിനെ പ്രതികൾ ആക്രമിച്ചിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണക്കേസുകളാണ് ഇരുവർക്കും എതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുള്ളത്. 26 കാരനായ ആൻറണി ദാസിന് കഞ്ചാവ് ലോബികളുമായും അടുത്ത ബന്ധമാണ് ഉള്ളത്.


മണിക്കൂറുകളോളം നീന്താൻ പ്രതികൾക്ക് കഴിയുമെന്നതും പോലീസിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. . പുറത്ത് നിന്ന് സഹായം കിട്ടിയാൽ മാത്രമേ പ്രതികൾ കരിക്കുഴിയിൽ നിന്ന് പുറത്ത് പോകാൻ സാധ്യതയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ തവണ പോലീസിനെ അക്രമിച്ച് കടന്നുകളഞ്ഞ ആൻറണിയെ പോലീസ് പിടികൂടിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലായിരുന്നു.
അടൂർ റസ്റ്റ് ഹൗസ് മർദ്ദന കേസുമായി ബന്ധപ്പെട്ട് ആൻറണി ദാസ് ലിയോ പ്ലാസിഡ് എന്നിവരെ പിടിക്കാൻ എത്തിയ കൊച്ചി ഇൻഫോ പാർക്ക് പോലീസുകാർക്ക് നേരെ വടിവാൾ വീശിയാണ് ഇരുവരും രക്ഷപ്പെട്ടത്..ഇവരെ പിടികൂടാൻ പോലീസ് നാലുതവണ വെടി ഉതിർത്തിരുന്നു.

Advertisement