സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം∙ മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിലെടുത്ത കേസിൽ സ്വപ്ന സുരേഷും പി.എസ്.സരിത്തും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും തന്നെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്വപ്രനയ്ക്കെതിരെ കെ ടി ജലീൽ പരാതി നൽകിയത്. സ്വപ്നയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്.

സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. അറസ്റ്റു ചെയ്യുമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. കെ.ടി.ജലീലിന്റെ പരാതിയെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് സ്വപ്ന സുരേഷും പി.എസ്.സരിത്തും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്നും വേഗത്തിലുള്ള നീക്കമുണ്ടാകുമെന്ന അഭിഭാഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഇരുവരും ഹൈക്കോടതിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സരിത്തിനെ വിജിലൻസ് സംഘം പിടിച്ചുകൊണ്ടുപോയിരുന്നു.

പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത സരിത്തിന്റെ ഫോൺ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഫൊറൻസിക് പരിശോധനയ്ക്കുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കേസിലെ തെളിവു ശേഖരണത്തിന്റെ ഭാഗമാണു നീക്കമെന്നാണു വിശദീകരണം. എന്നാൽ ലൈഫ് മിഷൻ കേസ് സമയത്ത് ഉപയോഗിച്ചത് ഈ ഫോൺ അല്ലെന്നാണു സരിത്തിന്റെ വാദം.

Advertisement