കാസർഗോഡ്: ബോവിക്കാനത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളം സ്വദേശി ഹൈദർ അലി (27) ആണ് മരിച്ചത്.
ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് 12:10-ഓടെ വീടിന് സമീപമുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കവിളിന് താഴെ വെടിയേറ്റ പാടുകളും സമീപത്തായി തോക്കും കണ്ടെത്തുകയായിരുന്നു.
കൈവശമുണ്ടായിരുന്ന സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി പി. നിധിൻ രാജ്, ബേക്കൽ ഡിവൈഎസ്പി കെ. വിനോദ് കുമാർ എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥ സംഘം എത്തി പരിശോധന നടത്തി. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.





























