കോഴിക്കോട്.സംസ്ഥാന വ്യാപകമായി സ്പാകളിലും മസാജ് സെന്ററുകളിലും പരിശോധന നടത്തി, ഏറ്റവും കൂടുതൽ നടപടി കോഴിക്കോട്. നഗരത്തിലെ 70 ഓളം കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തി. മതിയായ രേഖകളില്ലാത്ത 20 മസാജ് സെന്ററുകൾ അടപ്പിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ നടപടി കടുപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി.
സ്പാകളുടെയും മസാജ് സെന്ററുകളുടെയും മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതികളെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ ഏറ്റവും കൂടുതൽ നടപടികൾ ഉണ്ടായത് കോഴിക്കോട് നഗരത്തിലാണ്. 70 കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
മതിയായ രേഖകളില്ലാതെ പ്രവർത്തിച്ച 20 മസാജ് സെന്ററുകൾ അടപ്പിച്ചു. ആറ് കേന്ദ്രങ്ങൾ കൂടി അടപ്പിക്കുന്നതിന് നോട്ടീസ് നൽകി. എലത്തൂർ, കസബ, ടൗൺ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്ഥാപനങ്ങളുടെ ലൈസൻസും മറ്റ് അനുമതികളും പരിശോധിച്ചതിനൊപ്പം ജീവനക്കാരുടെ വിവരങ്ങളും പോലീസ് പരിശോധിച്ചു. സ്പാകളിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്ത് പോലീസിന് കൈമാറണമെന്നാണ് നിർദേശം. ആവശ്യമായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ നടപടി തുടരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സ്ഥാപന നടത്തിപ്പുകാർ മാത്രമല്ല, കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുന്നവരും നടപടി നേരിടേണ്ടിവരും. മസാജിനായി എത്തുന്നവരുടെ കാര്യത്തിലും നിയമലംഘനം കണ്ടെത്തിയാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കുന്നു.































