25.9 C
Kollam
Friday 16th October, 2026 | 09:37:03 AM
Home News Kerala കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; വിമർശനം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; വിമർശനം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസും സിപിഐഎമ്മും സിപിഐയും ബിജെപിയും പരാമർശത്തിനെതിരെ രംഗത്തെത്തി. മുസ്ലിം ലീഗും കേരള കോൺഗ്രസ് എമ്മും സാമുദായിക സംഘടനകളും ഇക്കാര്യത്തിൽ മൃദു സമീപനത്തിലാണ്.

സ്ത്രീകൾ പൊതുവേദിയിൽ എത്തുന്നതിനെ രൂക്ഷമായി വിമർശിച്ച കാന്തപുരത്തിനെ തള്ളിപ്പറയാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരായി. പരാമർശങ്ങളിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നടത്തുന്നത്. വനിതാ മന്ത്രിമാരായ ബിന്ദു കൃഷ്ണയും കെ തുളസിയും രൂക്ഷമായ ഭാഷയിലാണ് കാന്തപുരത്തിന്റെ പരാമർശത്തിനെ വിമർശിച്ചത്. രമേശ് ചെന്നിത്തലയും റോജി എം ജോണും ഉൾപ്പെടെയുള്ള മന്ത്രിമാരും കാന്തപുരത്തിനെ തള്ളി. എന്നാൽ മുസ്ലിം ലീഗ് വിവാദത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഇക്കാര്യം ചോദിച്ച മാധ്യമങ്ങളോട് ക്ഷോഭിക്കുകയായിരുന്നു മന്ത്രി കെഎം ഷാജി ചെയ്തത്. തിരുകേശ വിവാദത്തിൽ കാന്തപുരത്തിനെ പൂർണമായും തള്ളിയ സിപിഐഎം അടുത്തകാലത്തായി മൃദു സമീപനത്തിൽ ആയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സിപിഐഎമ്മിന്റെയും സിപിഐയുടെയും രാഷ്ട്രീയ പിന്തുണയും കാന്തപുരത്തിന് ഇല്ല. വനിതാ നേതാക്കളും യുവജന നേതാക്കളും ഇതിനകം കാന്തപുരത്തിനെതിരെ രംഗത്തെത്തി. പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബിജെപിയുടെയും നിലപാട്. കേരള കോൺഗ്രസ് എമ്മും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. എസ്എൻഡിപി, എൻഎസ്എസ് എന്നീ സമുദായിക സംഘടനകളും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.