കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് സിപിഎം സഹയാത്രികനും ആരോഗ്യവിദഗ്ധനുമായ ഡോ, ബി ഇക്ബാല്‍. ‘കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വിഡി സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതുതായി ആരംഭിച്ച ജനകീയപദ്ധതികളുടെ തുടര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും അവയെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരിക്കും സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി’- ഇക്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് ആവശ്യമായ തോതില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കി ഇടപെടല്‍ വേണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കുകയും വേണം. ആദ്യ നൂറുദിവസങ്ങള്‍ മാറ്റത്തിനുള്ള ഒരു പ്രതീക്ഷയും ദിശാബോധവും സൃഷ്ടിച്ചിട്ടുണ്ട്, ആ തുടക്കങ്ങളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വിജയം നിര്‍ണയിക്കപ്പെടുക. അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തിന് 10-ല്‍ 5 മാര്‍ക്ക് നല്‍കാം; എന്നാല്‍ മുന്നോട്ടുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പ്രഖ്യാപനങ്ങളേക്കാള്‍ അവയുടെ ഫലപ്രാപ്തിയും സുസ്ഥിരയും ആയിരിക്കണം മാനദണ്ഡം’ – ഇക്ബാല്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നൂറുദിവസങ്ങള്‍
കേരളം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും സംസ്ഥാനത്തിനു മുന്നിലുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരെന്ന ധാരണ ആദ്യ നൂറുദിവസങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ വി. ഡി. സതീശന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മന്ത്രിസഭയിലെ യുവാക്കളുടെ വര്‍ധിച്ച സാന്നിധ്യവും അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുതിയ സമീപനങ്ങള്‍ സ്വീകരിക്കാനും സന്നദ്ധമായ ഒരു സര്‍ക്കാരെന്ന പ്രതീക്ഷ ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പുതുതായി ആരംഭിച്ച ജനകീയപദ്ധതികളുടെ
തുടര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുകയും അവയെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്യുക എന്നതായിരിക്കും സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
- ലഹരിവിരുദ്ധ പോരാട്ടം: ആദ്യ നൂറുദിവസങ്ങളിലെ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായ ഇടപെടലുകളില്‍ ഒന്നാണ് ”ഓപ്പറേഷന്‍ തൂഫാന്‍”. എന്നാല്‍ ലഹരിവിരുദ്ധ പോരാട്ടം ആഭ്യന്തര വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാനാവില്ല. അത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംയുക്ത ഉത്തരവാദിത്തമാണ്. ലഹരിയുടെ വ്യാപനം തടയുന്നതിന് ശക്തമായ നിയമനടപടികള്‍ എത്രത്തോളം അനിവാര്യമാണോ, അതുപോലെ തന്നെ യുവാക്കളെ ലഹരിയിലേക്ക് നയിക്കുന്ന സാമൂഹികവും മാനസികവുമായ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പ്രധാനമാണ്.
ഇതിനായി വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്ന സമഗ്രമായ സ്‌കൂള്‍-കോളേജ് ആരോഗ്യപദ്ധതി നടപ്പാക്കണം. ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുന്ന ഒരു ദീര്‍ഘകാല ലഹരിവിരുദ്ധ തന്ത്രമാണ് ഇതിന് ആവശ്യം. ഓപ്പറേഷന്‍ തൂഫാനോടൊപ്പം ”ആരോഗ്യ തൂഫാനും” നടപ്പിലാക്കാന്‍ ആഭ്യന്തര വകുപ്പ് പ്രചോദനം നല്‍കണം.
- ആരോഗ്യരംഗം: വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് അവയുടെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. എന്നാല്‍ ഇതിനകം ആരംഭിച്ച പല മെഡിക്കല്‍ കോളേജുകളും ഇപ്പോഴും പൂര്‍ണമായ പ്രവര്‍ത്തനക്ഷമത കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കുന്നത് പുനഃപരിശോധിക്കേണ്ടതാണ്.
ബജറ്റില്‍ പ്രഖ്യാപിച്ച ”ഗോള്‍ഡന്‍ അവര്‍” പദ്ധതി, 40 വയസ്സിന് ശേഷമുള്ള വാര്‍ഷിക ആരോഗ്യപരിശോധന, വയോജന പരിചരണത്തിനുള്ള കെയര്‍ഗിവര്‍ പരിശീലനം, വയോജന വാക്‌സിനേഷന്‍ തുടങ്ങിയ പദ്ധതികള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ നിലവിലുള്ള സംവിധാനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുകയും ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും മുന്‍ഗണന നല്‍കേണ്ട സമയമാണിത്. വര്‍ധിച്ച് വരുന്ന ആരോഗ്യചെലവും രോഗാതുരയും കുറക്കുന്നതിനു പ്രാധാന്യം നല്‍കണം.
- ഉന്നത വിദ്യാഭ്യാസം:
ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുകയും നാലുവര്‍ഷ ബിരുദ കോഴ്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കുകയും വൈസ് ചാന്‍സലര്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്ലൊരു തുടക്കം കുറിച്ചിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍, സംസ്ഥാനത്തെ സര്‍വകലാശാലകളെയും കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശക്തമായ University-Research Institution Ecosystem വികസിപ്പിക്കണം. സംയുക്ത ഗവേഷണം, പുതിയ അന്തര്‍വിഷയ കോഴ്‌സുകള്‍, ഗവേഷണസൗകര്യങ്ങളുടെ പങ്കുവെക്കല്‍, വ്യവസായ-അക്കാദമിക് സഹകരണം എന്നിവയിലൂടെ കേരളത്തെ ശക്തമായ വിജ്ഞാനസമ്പദ്വ്യവസ്ഥയിലേക്ക് നയിക്കാനും വിദ്യാഭ്യാസ- ഉല്പാദന മേഖലകളെ ബന്ധിപ്പിക്കാനും ഇതുവഴി കഴിയണം. - വയോജനങ്ങള്‍: മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച വയോജന കമ്മീഷന് പിന്നാലെ ഇപ്പോള്‍ വയോജന വകുപ്പ് രൂപീകരിച്ചതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു മേഖലക്ക് പ്രത്യേക മന്ത്രി ഇല്ലാത്തത് ഒരു പരിമിതിയായി തുടരുന്നു. വയോജനങ്ങളെ കേവലം പരിചരണവും ക്ഷേമവും ആവശ്യമുള്ള വിഭാഗം മാത്രമായി കാണാതെ, അവരുടെ അറിവും അനുഭവവും നൈപുണ്യവും സമൂഹത്തിന്റെ വികസനസമ്പത്തായി പ്രയോജനപ്പെടുത്തുന്ന ബജറ്റില്‍ പ്രഖ്യാപിച്ച ”സില്‍വര്‍ ഇക്കോണമി” എന്ന ആശയം അടിയന്തരമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
- തദ്ദേശഭരണം: മൂന്ന് പതിറ്റാണ്ടിലെ പ്രവര്‍ത്തനം വിലയിരുത്തണം. പൊതുജനാരോഗ്യത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണം . കേരളത്തില്‍ വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മാലിന്യസംസ്‌കരണം, ശുദ്ധജലവിതരണം, കൊതുകുനിവാരണം, രോഗപ്രതിരോധം, ആരോഗ്യവിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ മേഖലയില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യം ഉണ്ടായിട്ടും സ്ത്രീകള്‍ക്ക് ആവശ്യമായ തോതില്‍ സുരക്ഷിതവും വൃത്തിയുള്ളതുമായ ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കി ഇടപെടല്‍ വേണം.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കുകയും വേണം.
ആദ്യ നൂറുദിവസങ്ങള്‍ മാറ്റത്തിനുള്ള ഒരു പ്രതീക്ഷയും ദിശാബോധവും സൃഷ്ടിച്ചിട്ടുണ്ട്, ആ തുടക്കങ്ങളെ സുസ്ഥിരമായ നയങ്ങളായും ശക്തമായ സ്ഥാപനസംവിധാനങ്ങളായും മാറ്റിയെടുക്കുന്നതിലാണ് സര്‍ക്കാരിന്റെ യഥാര്‍ത്ഥ വിജയം നിര്‍ണയിക്കപ്പെടുക. അതുകൊണ്ട് ഇപ്പോഴത്തെ പ്രകടനത്തിന് 10-ല്‍ 5 മാര്‍ക്ക് നല്‍കാം; എന്നാല്‍ മുന്നോട്ടുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പ്രഖ്യാപനങ്ങളേക്കാള്‍ അവയുടെ ഫലപ്രാപ്തിയും സുസ്ഥിരയും ആയിരിക്കണം മാനദണ്ഡം.
































