26.2 C
Kollam
Saturday 25th July, 2026 | 11:32:14 PM
Home News Breaking News ഇനി സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടം,അവസാന കടമ്പയും കടന്ന് വിഴിഞ്ഞം

ഇനി സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടം,അവസാന കടമ്പയും കടന്ന് വിഴിഞ്ഞം

തിരുവനന്തപുരം: സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന കടമ്പയും കടന്ന് വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു.

കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാന്‍സ്ഷിപ്പ്‌മെന്റ്) വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നിലവില്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സിഎഫ്എസ്) ഇല്ല. അതിനാല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് എക്‌സിം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയില്‍ ഡയറക്ട് പോര്‍ട്ട് ഡെലിവറിക്ക് (ഡിപിഡി) അര്‍ഹതയുള്ള ഫുള്‍ കണ്ടെയ്‌നര്‍ ലോഡുകള്‍ക്ക് (എഫ്‌സിഎല്‍) മാത്രമായിരിക്കും അനുമതി. ഇവ തുറമുഖത്ത് എത്തി 48 മണിക്കൂറിനുള്ളില്‍ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം.

സിഎഫ്എസ് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ലെസ്-ദാന്‍-കണ്ടെയ്‌നര്‍ ലോഡ് (എല്‍സിഎല്‍), ലൂസ് കാര്‍ഗോ എന്നിവ അനുവദിക്കില്ല. കയറ്റുമതിയില്‍ ഫാക്ടറികളില്‍ നിന്ന് സീല്‍ ചെയ്ത ഫുള്‍ കണ്ടെയ്‌നറുകള്‍ക്ക് ഡയറക്ട് പോര്‍ട്ട് എന്‍ട്രി (ഡിപിഇ) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാര്‍ഡിനുള്ളില്‍ വച്ച് സാധനങ്ങള്‍ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കര്‍ശന വിലക്കുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും (ഐസിഡി, സിഎഫ്എസ്, സെസ്) ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം അനുമതിയുണ്ട്. അംഗീകൃത ട്രാന്‍സ്ഷിപ്പര്‍മാരോ കാരിയര്‍മാരോ മുഖേന മാത്രമേ ഇത് നടത്താവൂ. സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ടെയ്‌നര്‍ ട്രക്കുകളില്‍ ഹൈ-സെക്യൂരിറ്റി സീലുകള്‍ പതിപ്പിക്കണം. കൂടാതെ, തുറമുഖത്തെ എല്ലാ പ്രവര്‍ത്തനങ്ങളും 2018ലെ സീ കാര്‍ഗോ മാനിഫെസ്റ്റ് ആന്‍ഡ് ട്രാന്‍സ്ഷിപ്പ്‌മെന്റ് റെഗുലേഷന്‍സ് (എസ്സിഎംടിആര്‍) പൂര്‍ണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകള്‍, സ്റ്റീമര്‍ ഏജന്റുമാര്‍, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ഐസ്‌ഗേറ്റ് വഴി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്‌നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ, എക്‌സിം കാര്‍ഗോ എന്നിവയ്ക്കായി പ്രത്യേക യാര്‍ഡുകള്‍ സജ്ജമാക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) ചുമതലയാണ്. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് (ഒഒസി) ഇല്ലാതെ ഒരു കണ്ടെയ്‌നര്‍ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയന്‍ ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here