വടക്കാഞ്ചേരി. പോലീസ് ജീപ്പിൽ നിയമലംഘനം കണ്ട് പിഴയിട്ട ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്. മതിയായ രേഖകളില്ലാത്തതിനാൽ പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോസ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിന്റെ പേരിലാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ഇതോടെ എംവിഐ ഒളിവിൽ പോയി.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പെട്രോളിംങ് നടത്തുന്ന വടക്കാഞ്ചേരി പോലീസ് ജീപ്പിന്റെ ഇൻഷുറൻസ്, പുക സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞെന്ന ഓൺലൈൻ വിവരത്തിന്റെ അടിസ്ഥാനത്തിൽ എം വിഐ 4000 രൂപ ചുമത്തിയിരുന്നു. ഇൻഷുറൻസ് ഉണ്ടെന്ന് എസ് ഐ ബദറുദ്ദീൻ അറിയിച്ചെങ്കിലും യാതൊരുവിധ രേഖകളും പരിശോധന സമയത്ത് ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രേഖകൾ ഹാജരാക്കുന്ന പക്ഷം ഒഴിവാക്കാമെന്ന് ഉറപ്പ് എംവിഐ നൽകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വാട്സാപ്പിൽ ഇൻഷുറൻസ് ഹാജരാക്കി. എന്നാൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ജൂൺ 20ന് കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുക സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഇൻഷുറൻസ് രേഖകൾ കൈവശം വയ്ക്കാത്തതിനും ആയി 500 രൂപയാണ് പിഴ ചുമത്തിയത്. എം വി ഐ ടിവി ബിജുവിനൊപ്പം എ എംവിഐമാരായ സുജിത്ത്, അഫ്സൽ എന്നിവരും മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനത്തിൽ ഉണ്ടായിരുന്നു. പോലീസിന്റെ കൃത്യനിർവാഹനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഒന്നും ചെയ്തിട്ടില്ലെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ട അറിയിക്കുകയും അതിന് ചെല്ലാൻ നൽകുകയാണ് ഉണ്ടായതെന്നും പിവി ബിജു പറയുന്നു.
പിന്നാലെ പോലീസിന്റെ കൃതി നിർവഹണം തടസ്സപ്പെടുത്തി എന്നും പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത സാമൂഹ്യ മാധ്യമങ്ങളുടെ പ്രചരിച്ചത് വഴി പോലീസിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ബിജുവിനെ അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിൻറെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. ജാമ്യവകുപ്പ് പ്രകാരമാണ് കേസെടുത്തുവെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് വടക്കാഞ്ചേരി എസ് എച്ച് ഒ വിഎസ് മുരളീധരൻ.

































