ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ജലവിഭവ-പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അന്തർസംസ്ഥാന ചർച്ച മൂന്നാറിൽ നടന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകൾ കേട്ടുവെന്നും ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമെന്നും
രാജീവ് പ്രതാപ് റൂഡി. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് വേണ്ടതെന്നും ചെയർമാൻ.
ആനച്ചാലിലുള്ള മൂന്നാർ വൈബ് റിസോർട്ടിലാണ് കേന്ദ്ര ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചർച്ച നടന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടന്ന നിലപാടും ജലനിരപ്പുയർത്തുന്നതിലെ ജനങ്ങളുടെ ആശങ്കയും കേരളത്തിന്റെ പ്രതിനിധികൾ ചർച്ചയിലുയർത്തി. തമിഴ്നാട് അവരുടെ വാദങ്ങളും നിരത്തി. രണ്ട് സംസ്ഥാനങ്ങളുടെയും ആശങ്കകൾ കേട്ട കമ്മിറ്റി പ്രത്യേക നിലപാട് കൈക്കൊള്ളാൻ തയ്യാറായില്ല. ഇരു സംസ്ഥാനങ്ങളും ഒരുപോലെയാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി പ്രത്യേകമായ് അഭിപ്രായം പറയുന്നില്ലെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു.
കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം എന്നതാണ് കേരളത്തിൻ്റെ നിലപാടെന്ന് കമ്മിറ്റിയിലംഗമായ ജെബി മേത്തർ എംപി.
ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സുഹാസ് ഐഎഎസും മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യുന്ന മുതിർന്ന ഉദ്യോഗസ്ഥരുമുൾപ്പെടെ യുള്ളവർ പങ്കെടുത്തു. തമിഴ്നാടിന്റെ മുതിർന്ന ഉദ്യോഗസ്ഥരും എത്തി. കേന്ദ്ര ജല കമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും കമ്മിറ്റി ചർച്ച നടത്തി.






























